maharastra-

ന്യൂഡൽഹി: ആർക്കും ഭൂരിപക്ഷമില്ലാതെ അനിശ്‌ചിതത്വം തുടരുന്ന മഹാരാഷ്‌ട്രയിൽ 288 അംഗ നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പി(105സീറ്റ്) രണ്ടു ദിവസത്തിനുള്ളിൽ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചേക്കും. അതിനിടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെയും എൻ.സി.പി നേതാവ് ശരത് പവാർ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെയും കണ്ടതോടെ മഹാരാഷ്‌ട്ര ചർച്ചകൾ മുംബയിൽ നിന്ന് ഡൽഹിയിലേക്ക് മാറി.

ഏഴിന് മുൻപ് ആരും മുന്നോട്ടു വന്നില്ലെങ്കിൽ, നിയമസഭയുടെ കാലാവധി നവംബർ 9ന് പൂർത്തിയാകുന്നത് കണക്കിലെടുത്ത് സർക്കാർ രൂപീകരണത്തിന് മുന്നിട്ടിറങ്ങുമെന്ന് ഗവർണർ ഭഗത് സിംഗ് കോശിയാരി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സർക്കാർ നവംബർ പത്തിനു മുൻപ് സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ ഭരണപ്രതിസന്ധിയുണ്ടാകും. അതൊഴിവാക്കാൻ രാഷ്‌ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാൻ ഗവർണർ നിർബന്ധിതമാകും.

ഇതിനിടെയാണ് ഏതാനും സ്വതന്ത്രരുടെ പിന്തുണയുള്ള ബി.ജെ.പി ഗവർണറെ കാണാനൊരുങ്ങുന്നത്. പിന്തുണ വ്യക്തമാക്കുന്ന കത്തുകളും ഹാജരാക്കും. ഫഡ്‌നവിസിനെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ശേഷം ഗവർണർ ഭൂരിപക്ഷം തെളിയിക്കാൻ കൂടുതൽ സമയം നൽകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഇതിനു മുന്നോടിയായാണ് ഫഡ്‌നവിസ് ഇന്നലെ അമിത് ഷായെ കണ്ടത്. പ്രളയം ദുരന്തം വിതച്ച മഹാരാഷ്ട്രയിലെ കർഷകർക്ക് സഹായം ആവശ്യപ്പെട്ടാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയതെങ്കിലും സർക്കാർ രൂപീകരണ വിഷയവും ചർച്ചയായി. ശിവസേനയുടെ ആവശ്യത്തിന് വഴങ്ങി മുഖ്യമന്ത്രിപദം പങ്കിടാൻ ബി.ജെ.പി ഒരുക്കമല്ലെന്ന് ഫഡ്നവിസ് വ്യക്തമാക്കിയെന്ന് അറിയുന്നു.

ശരത് പവാറും ഇന്നലെയാണ് ഡൽഹിയിൽ സോണിയാ ഗാന്ധിയെ കണ്ടത്. സർക്കാർ രൂപീകരിക്കാൻ തങ്ങൾക്ക് ഭൂരിപക്ഷമില്ലെന്നും പ്രതിപക്ഷത്തിരിക്കാനുള്ള ജനവിധി അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ അകറ്റി നിറുത്താൻ ശിവസേനയ്‌ക്ക് പിന്തുണ നൽകുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. ശിവസേനയുമായി സഹകരിക്കാൻ സോണിയയ്‌ക്ക് താത്പര്യമില്ലെന്ന് സൂചനയുണ്ട്. അടുത്ത ദിവസം വീണ്ടും മഹാരാഷ്‌ട്ര വിഷയത്തിൽ ഇരു നേതാക്കളും ചർച്ച നടത്തും. എൻ.സി.പിയുമായി ശിവസേന നടത്തിയ ചർച്ചകൾ ബി.ജെ.പിയുമായുള്ള വിലപേശൽ തന്ത്രങ്ങളാണോ എന്ന സംശയം കോൺഗ്രസിനുണ്ട്. അതിനാൽ ക്ഷമയോടെ കാത്തിരിക്കാനാണ് കോൺഗ്രസ് ഹൈക്കമ്മാൻഡ് ആഗ്രഹിക്കുന്നത്. 175 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. അതിനിടെ സത്യപ്രതിജ്ഞയ്‌ക്കായി ബി.ജെ.പി മുംബയിലെ വാങ്കഡെ സ്‌റ്റേഡിയം ബുക്ക് ചെയ്‌തിട്ടുണ്ട്. ഭൂരിപക്ഷം ഉറപ്പിക്കാൻ ബി.ജെ.പി നടത്താൻ പോകുന്ന നീക്കങ്ങളാകും അടുത്ത ദിവസങ്ങളിൽ രംഗം കൊഴുപ്പിക്കുക.