ന്യൂഡൽഹി: മിസോറാം ഗവർണറായി അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഐസ്വാൾ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് അജയ് ലാംബ സത്യവാചകം ചൊല്ലിക്കൊടുക്കും. ബി.ജെ.പി ദേശീയ സെക്രട്ടറി സത്യകുമാർ, സംസ്ഥാന ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി. രമേശ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. മിസോറാമിന്റെ 15-മത് ഗവർണറായാണ് ശ്രീധരൻ പിള്ള ചുമതലയേൽക്കുന്നത്. 2011 മുതൽ 2014വരെ വക്കം പുരുഷോത്തമനും 2018 മെയ് മുതൽ 2019 മാർച്ചു വരെ കുമ്മനം രാജശേഖരനുമാണ് ഇതിനു മുമ്പ് കേരളത്തിൽ നിന്ന് സംസ്ഥാനത്ത് ഗവർണർ പദവി വഹിച്ചിട്ടുള്ളത്.