aicc-meeting

ന്യൂഡൽഹി: സാമ്പത്തികമാന്ദ്യം, തൊഴിലില്ലായ്മ വിഷയങ്ങളുയർത്തി കേന്ദ്രസർക്കാരിനെതിരെ പാർലമെൻറിനകത്തും പുറത്തും സംയുക്ത പ്രതിഷേധത്തിന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന പ്രതിപക്ഷകകക്ഷികളുടെ യോഗം തീരുമാനിച്ചു. ചാര സോഫ്റ്റ‌്‌വെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ വിഷയം പാർലമെൻറിൽ ശക്തമായി ഉന്നയിക്കും. വളരെ ഗുരുതരമായ വിഷയമാണിതെന്ന് പ്രതിപക്ഷം വിലയിരുത്തി. വിഷയത്തിൽ രാഷ്ട്രപതിയെ കാണാനും ധാരണയായി. ആർ.സി.പി കരാറിനെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് നേതാക്കൾ വ്യക്തമാക്കിയെങ്കിലും തൊട്ടുപിന്നാലെ കരാറിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറിയ വാർത്ത പുറത്തുവരികയായിരുന്നു.

സാമ്പത്തിക മാന്ദ്യവിഷയത്തിൽ ഇന്ന് മുതൽ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിൽ പ്രതിപക്ഷ സഹകരണം കോൺഗ്രസ് തേടി.എന്നാൽ സംസ്ഥാനതല സാഹചര്യം നോക്കി തീരുമാനിക്കാമെന്ന് മറ്റു പാർട്ടികൾ വ്യക്തമാക്കി. കേരളത്തിൽ യു.ഡി.എഫ് പ്രതിഷേധത്തിൻറെ ഭാഗമാകും. എസ്.പി - ബി.എസ്.പി എന്നിവരൊഴിക്കെ 13 പ്രതിപക്ഷ കക്ഷികൾ യോഗത്തിനെത്തി. മഹാരാഷ്ട്ര സർക്കാർ രൂപീകരണ വിഷയത്തിൽ സോണിയഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലായതിനാൽ എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ പങ്കെടുത്തില്ല. കോൺഗ്രസ് നേതാക്കളായ ഗുലാനബി ആസാദ്, അഹമ്മദ് പട്ടേൽ, രൺദീപ് സിംഗ് സുർജേവാല, ആർ.ശുക്ല, ജെ.ഡി.എസ് നേതാവ് കുപേന്ദ്ര റെഡ്ഡി, ശരദ് യാദവ് ( എൽ.ജെ.ഡി), ടി.ആർ ബാലു (ഡി.എം.കെ), മനോജ് ഝാ (ആർ.ജെ.ഡി), നദിമുൽ ഹഖ് ( തൃണമൂൽ), അജിത് സിംഗ് ( ആർ.എൽ.ഡി), ടി.കെ രംഗരാജൻ (സി.പി.എം), ബിനോയ് വിശ്വം ( സി.പി.ഐ), ഉപേന്ദ്രകുശ്‌വാഹ ( ആർ.എൽ.എസ്.പി), മുസ്‌ലിംലീഗ് നേതാവ് പി.കെ കു‌ഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഡോക്ടർ സ്ഥലംമാറിയതിനാൽ കമ്പൗണ്ടർ ചികിത്സിക്കുന്നതുപോലെയാണ് ജി.എസ്.ടിയും ആർ.സി.പിയും ബി.ജെ.പി നടപ്പിലാക്കുന്നതെന്ന് യോഗശേഷമുള്ല വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ആർ.സി.പി കൊണ്ടുവന്നത് കോൺഗ്രസാണ്. പക്ഷേ രാജ്യതാത്പര്യം സംരക്ഷിക്കപ്പെടുന്ന രീതിയിലാകണം നടപ്പാക്കേണ്ടത്. നമ്മുടെ പാൽ, കാർഷിക , സമുദ്രോത്പന്നങ്ങൾ സംരക്ഷിക്കപ്പെടണം. തൊഴിലില്ലായ്മ 50 വർഷത്തെ ഉയർന്നനിലയിലാണ്. നോട്ടുനിരോധനശേഷം യുവാക്കൾക്ക് വീട്ടിലിരിക്കേണ്ട സ്ഥിതിയാണ്. ജി.ഡി.പി ഓരോ ദിവസവും താഴേക്കാണെന്നും ഗുലാംനബി ചൂണ്ടിക്കാട്ടി.