ന്യൂഡൽഹി: ഡൽഹി തീസ് ഹസാരി കോടതിയിൽ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച അഭിഭാഷകർ ഇന്നലെ കോടതി ബഹിഷ്‌കരിച്ച് നടത്തിയ സമരത്തിനിടെ വ്യാപക അക്രമം. പ്രതിഷേധവുമായി തെരുവിലിറങ്ങിയ അഭിഭാഷകർ വിവിധയിടങ്ങളിൽ ഗതാഗതം സ്‌തംഭിപ്പിച്ചു. സാകേത് ജില്ലാ കോടതി പരിസരത്ത് ബൈക്കിൽ സഞ്ചരിച്ച പൊലീസുകാരനെ അഭിഭാഷകർ മർദ്ദിച്ചു. ഇതിൻറെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഓട്ടോറിക്ഷ ഡ്രൈവർമാരെയടക്കം നിരവധിപേരെ അഭിഭാഷകർ കയ്യേറ്റം ചെയ്‌തു. റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്കും മർദ്ദനമേറ്റു. പൊലീസ് പോസ്‌റ്റുകളുടെ ബോർഡുകളും തകർത്തു.
ശനിയാഴ്ച തീസ് ഹസാരി കോടതി വളപ്പിൽ അഭിഭാഷകരെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഡൽഹി ഹൈക്കോടതി, ജില്ലാ കോടതികൾ എന്നിവിടങ്ങളിലെ അഭിഭാഷകർ പണിമുടക്കിയത്. കോടതി വളപ്പിലുണ്ടായ ഏറ്റുമുട്ടലിൽ 28 പേർക്ക് പരിക്കേറ്റിരുന്നു. അഭിഭാഷകർ ഒരു പൊലീസ് ജീപ്പിന് തീയിടുകയും നിരവധി വാഹനങ്ങൾ തകർത്തു. സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.