ന്യൂഡൽഹി:പൊതുമേഖലാ ബാങ്കുകളിലെ ഏഴായിരം കോടിയിലധികം രൂപയുടെ തട്ടിപ്പുകളുടെ പേരിൽ സി.ബി.ഐ 35 കേസുകളെടുത്തു. ഇതുമായി ബന്ധപ്പെട്ട് കകൊച്ചിയും കൊല്ലവും ഉൾപ്പെടെ രാജ്യത്തെ 30ലേറെ നഗരങ്ങളിലായി 169 റെയ്ഡുകൾ പുരോഗമിക്കുകയാണെന്ന് സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു. തട്ടിപ്പ് നടത്തിയ സ്വകാര്യ കമ്പനികളിലെ ഡയറക്ടർമാർക്കും പ്രൊമോട്ടർമാർക്കും എതിരെയാണ് കേസ്.
എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, ആന്ധ്രബാങ്ക്, ഓറിയൻറൽ ബാങ്ക് ഒഫ് കോമേഴ്സ്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, അലഹബാദ് ബാങ്ക്, കാനറ ബാങ്ക്, ദേന ബാങ്ക്, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, ഐ.ഡി.ബി.ഐ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, ബാങ്ക് ഒഫ് മഹാരാഷ്ട്ര, ബാങ്ക് ഒഫ് ഇന്ത്യ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നീ ബാങ്കുകളിലാണ് തട്ടിപ്പുകൾ.
മഹാരാഷ്ട്ര ബാങ്കിൽ 113.55 കോടിയുടേതാണ് തട്ടിപ്പ്. എസ്.ബി.ഐയിൽ 118.49 കോടി, ബാങ്ക് ഒഫ് ബറോഡയിൽ 42.16 കോടി, കാനറ ബാങ്കിൽ 27 കോടിയുടെയും വായ്പാ തട്ടിപ്പ് നടന്നിട്ടുണ്ട്.
കൊച്ചിയും കൊല്ലവും കൂടാതെ ഡൽഹി, ഗുഡ്ഗാവ്, ചണ്ഡിഗഡ്, ലുധിയാന, ഡെറാഡൂൺ, നോയിഡ, ബാരാമതി, മുംബയ്, താനെ, സിൽവാസ, കല്യാൺ, അമൃത്സർ, ഫരീദാബാദ്, ബംഗളുരു, തിരുപ്പൂർ, ചെന്നൈ, മധുര, ചന്ദൗലി, ഭവ്നഗർ, സൂറത്ത്, അഹമ്മദാബാദ്, കാൺപൂർ, ഗാസിയാബാദ്, ഭോപ്പാൽ, വാരണാസി, ഭട്ടിൻഡ, ഗുരുദാസ്പൂർ, മൊറേന, കൽക്കത്ത, പാറ്റ്ന, കൃഷ്ണ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡുകൾ നടക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല.