psmizogov

ഐസ്വാൾ: മിസോറമിന്റെ 15-ാം ഗവർണറായി അഡ്വ. പി.എസ്. ശ്രീധരൻ പിള്ള സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ഐസ്വാൾ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് അജയ് ലാംബ സത്യവാചകം ചൊല്ലിക്കൊടുത്തു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാരിൽ നിന്ന് അർഹമായ സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് സത്യപ്രതിജ്ഞയ്‌ക്കു ശേഷം അദ്ദേഹം പറഞ്ഞു. രാജ്ഭവൻ വളപ്പിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മിസോറം മുഖ്യമന്ത്രി സോറാംതാംഗ, മന്ത്രിമാർ, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലാൽ തൻഹവാല, അൽഫോൺസ് കണ്ണന്താനം എം.പി, കേരളത്തിൽ നിന്ന് ബി.ജെ.പി നേതാക്കളായ സത്യകുമാർ, രാധാകൃഷ്‌ണ മേനോൻ, കൊച്ചി ബാർ കൗൺസിൽ പ്രതിനിധികൾ, ശ്രീധരൻ പിള്ളയുടെ കുടുംബം തുടങ്ങിയവർ പങ്കെടുത്തു. വക്കം പുരുഷോത്തമനും കുമ്മനം രാജശേഖരനും ശേഷം മിസോറം ഗവർണറാകുന്ന മലയാളിയാണ് ശ്രീധരൻ പിള്ള.