ന്യൂഡൽഹി :സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ജമ്മു കാശ്മീരിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ നിയവിരുദ്ധമായി തടവിലാക്കിയെന്ന ആരോപണത്തിൽ ഹൈക്കോടതി ജഡ്ജിമാരടങ്ങിയ ജമ്മുകാശ്മീർ ജുവൈനൽ ജസ്റ്റിസ് കമ്മിറ്റിയുടെ റിപ്പോർട്ട് സുപ്രീംകോടതി അംഗീകരിച്ചില്ല. ആരോപണങ്ങൾ ഓരോന്നും സ്വതന്ത്രമായി പരിശോധിച്ച് പുതിയ റിപ്പോർട്ട് ഡിസംബർ മൂന്നിന് സമർപ്പിക്കാൻ ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.
ജമ്മുകാശ്മീർ പൊലീസ് നൽകിയ റിപ്പോർട്ട് അതേപോലെ കമ്മിറ്റി സുപ്രീംകോടതിയിൽ സമർപ്പിക്കുകയായിരുന്നുവെന്ന മുതിർന്ന അഭിഭാഷക ഹുസേഫ അഹമ്മദിയുടെ വാദം അംഗീകരിച്ചാണ് പുതിയ റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്. മുൻകരുതലായിപോലും കുട്ടികളെ കസ്റ്റഡിയിലെടുക്കുന്നത് നിയമവിരുദ്ധമാണെന്ന വിഷയം പോലും കമ്മിറ്റി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.
പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആഗസ്റ്റ് 5 മുതൽ സെപ്തംബർ 23വരെയുള്ള കണക്കിൻ പ്രകാരം ഒൻപതുകാരൻ ഉൾപ്പെടെ 18 വയസിന് താഴെയുള്ള 144 കുട്ടികളെ അറസ്റ്റ് ചെയ്തതായി ജമ്മുകാശ്മീർ ഹൈക്കോടതി ജസ്റ്റിസും മാഗ്ര ചെയർമാനും അലി മുഹമ്മദ് ജസ്റ്റിസ്മാരായ ഡി.എസ് താക്കൂർ, സഞ്ജീവ് കുമാർ, റാഷിദ് അലി ദർ എന്നിവരുമടങ്ങിയ കമ്മിറ്റി ഒക്ടോബർ ഒന്നിനാണ് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയത്. കല്ലെറിയൽ, പൊതുസ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കൽ, കലാപമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികൾക്കെതിരെയുള്ളത്. ജമ്മുകാശ്മീർ ഡി.ജി.പിയും ചൈൽഡ് പ്രോട്ടക്ഷൻ സൊസൈറ്റി മിഷൻ ഡയറക്ടറും നൽകിയ റിപ്പോർട്ടുകളാണ് ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി സുപ്രീംകോടതിയിൽ നൽകിയത്. കുട്ടികളെ അനധികൃതമായി തടങ്കലിൽ വച്ചെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ബാലാവകാശ വിദഗ്ദ്ധയായ എനാക്ഷി ഗാംഗുലി, ദേശീയ ബാലാവകാശ കമ്മിഷൻ പ്രഥമ ചെയർപേഴ്‌സൺ പ്രൊഫ. ശാന്ത സിൻഹ എന്നിവരാണ് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്. ആരോപണത്തിന്റെ സത്യാവസ്ഥ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ജുവനൈൽ ജസ്റ്റിസ് കമ്മിറ്റിയോട് ഉത്തരവിടുകയായിരുന്നു.