ന്യൂഡൽഹി: അയോദ്ധ്യ കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ പ്രകോപനം ഒഴിവാക്കാനും സമാധാനം പാലിക്കാനും ആവശ്യമായ നടപടികളെക്കുറിച്ച് കേന്ദ്ര സർക്കാർ വിളിച്ച യോഗം ചർച്ച ചെയ്തു.
ബി.ജെ.പി, ആർ. എസ്.എസ്, വിവിധ മുസ്ളീം സംഘടനകളുടെ പ്രതിനിധികൾ, മതപുരോഹിതർ തുടങ്ങിയവർ പങ്കെടുത്തു. സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദം നിലനിറുത്താൻ ആവശ്യമായ സഹകരണം എല്ലാവരും ഉറപ്പു നൽകി. സാമൂഹ്യ വിരുദ്ധരുടെ പ്രകോപനങ്ങളിൽ വീഴാതെ ജനങ്ങൾ മതസൗഹാർദ്ദം കാക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
വികാരപരവും പ്രകോപനപരവുമായ പ്രസ്താവനകൾ നടത്തരുതെന്ന് ബി.ജെ.പിയും ആർ.എസ്.എസും പ്രവർത്തകർക്കും നേതാക്കൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന പ്രസ്താവനകൾക്കും പ്രചാരണങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ബി.ജെ.പി സോഷ്യൽ മീഡിയാ മേധാവി അമിത് മാളവ്യ നിർദ്ദേശം നൽകി.
അയോദ്ധ്യ വിധി : പ്രവർത്തകരെ
പ്രതികരണങ്ങളിൽ നിന്ന് വിലക്കി ബി.ജെ.പി
അയോദ്ധ്യവിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശക്തമായ മുന്നൊരുക്കങ്ങളുമായി ബി.ജെ.പി. വിധിയോട് അനുബന്ധിച്ച് പരസ്യമായുള്ള പ്രതികരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതാണ് ഇതിൽ പ്രധാനം.പ്രധാനമന്ത്രി നരേന്ദ്രമോദിയോ പാർട്ടി അദ്ധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായോ പ്രതികരിച്ചതിന് ശേഷം മാത്രം വിധിയെക്കുറിച്ച് പ്രതികരണങ്ങൾ പാടുള്ളൂ. വിധി വരുന്ന ദിവസം പ്രവർത്തകർ എങ്ങനെ പ്രതികരിക്കണമെന്നത് സംബന്ധിച്ച് വ്യക്തമായി പ്രവർത്തകരെ നേതാക്കൾ ധരിപ്പിച്ചിട്ടുണ്ട്. ഇത് ചർച്ച ചെയ്യുന്നതിനായി പ്രദേശിക തലത്തിൽ മീറ്റംഗുകളും രാജ്യത്ത് ഉടനീളം സംഘടിപ്പിച്ചിട്ടുണ്ട്. കോടതി വിധിയെ മാനിക്കണമെന്ന് തരത്തിൽ ആർ.എസ്. എസും നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം ഉത്തർപ്രദേശിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ക്രമസമാധാനം നിലനിർത്താൻ കേന്ദ്രം അയക്കുന്ന നാലായിരത്തിലധികം അർദ്ധസൈനികർ 11 നോടെ ഉത്തർപ്രദേശിൽ എത്തുമെന്നാണ് വിവരം . 17ന് വിധി വരുമെന്നാണ് കണക്ക് കൂട്ടൽ. 18 വരെ സൈനികർ ഉത്തർപ്രദേശിൽ സുരക്ഷ ഒരുക്കും. സുരക്ഷയ്ക്കായി 15 കമ്പനി സൈനികരെ അയക്കാനാണ് കേന്ദ്രം അനുമതി നൽകിയത്. നിലവിൽ 10 കമ്പനി ദ്രുത കർമ്മ സേന ഉത്തർപ്രദേശിൽ വിന്യസിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ സംഘർഷ ബാധിത പ്രദേശങ്ങളായ കാൻപൂർ, അലിഖണ്ഡ്, ലക്നൗ, അസംഖണ്ഡ് എന്നീ പ്രദേശങ്ങളിലാകും അർദ്ധസൈനികർ വിന്യസിക്കുക. സൈനികർക്ക് ആവശ്യാമായ സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.