ന്യൂഡൽഹി: തിസ്ഹസാരി കോടതി വളപ്പിൽ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടിയ സംഭവത്തിൽ അഭിഭാഷകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതകൾ ഉൾപ്പെടെ നൂറുകണക്കിന് ഡൽഹി പൊലീസ് സേനാംഗങ്ങൾ അസാധാരണ പ്രതിഷേധവുമായി തെരുവിലിറങ്ങി. അച്ചടക്കത്തിന് മാതൃകയാകേണ്ട പൊലീസ് സേന നിയമപരമായ വിലക്കുകളും മുതിർന്ന ഓഫീസർമാരുടെ അഭ്യർത്ഥനകളും ലംഘിച്ച് പതിനൊന്ന് മണിക്കൂറാണ് തെരുവിൽ പ്രതിഷേധിച്ചത്. അതീവസുരക്ഷാ മേഖലയായ
രാജ്യതലസ്ഥാനത്തെ ക്രമസമാധാനം, അതു പാലിക്കേണ്ട സേന തന്നെ അട്ടിമറിക്കുന്ന ലഹളയിലേക്ക് വളരുമെന്ന ഘട്ടത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇടപെട്ടാണ് പ്രക്ഷോഭം അവസാനിപ്പിച്ചത്.
രാവിലെ മുതൽ ഐ.ടി.ഒയിലെ പൊലീസ് ആസ്ഥാനത്ത് യൂണിഫോമിലും മഫ്തിയിലുമെത്തിയ ഉദ്യോഗസ്ഥർ ജോലി ബഹിഷ്‌കരിച്ച്, 'രക്ഷകരെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം മുഴക്കി തുടങ്ങിയ പ്രതിഷേധം രാത്രി എട്ടുമണി വരെ നീണ്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഡൽഹിയിൽ പൊലീസുകാർ തെരുവിലിറങ്ങിയതിനെതിരെ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് എതിരെ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം രംഗത്തെത്തി.
പ്രതിസന്ധിക്കു പിന്നിൽ
ശനിയാഴ്ച തിസ് ഹസാരി കോടതി വളപ്പിൽ അഭിഭാഷകരുമായുള്ള ഏറ്റുമുട്ടലിൽ ഇരുപതോളം പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. ഇവർക്ക് പിന്തുണയുമായി രാഷ്ട്രീയ നേതൃത്വം എത്താതിരുന്നപ്പോൾ പരിക്കേറ്റ അഭിഭാഷകരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കൾ സന്ദർശിച്ചു.
അഭിഭാഷകർക്ക് ഡൽഹി ഹൈക്കോടതി 50,000 രൂപ സഹായധനം പ്രഖ്യാപിച്ചു. അഭിഭാഷകർക്കെതിരെ നിയമനടപടി തടഞ്ഞു. കുറ്രാരോപിതരായ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച ഡൽഹി ഹൈക്കോടതി, ജില്ലാ കോടതികൾ എന്നിവിടങ്ങളിലെ അഭിഭാഷകർ പണിമുടക്കി. അതിനിടെ സാകേത് ജില്ലാ കോടതി പരിസരത്ത് ബൈക്കിൽ സഞ്ചരിച്ച പൊലീസുകാരനെ അഭിഭാഷകർ മർദ്ദിച്ചു. അതിലും നടപടിയുണ്ടാകാതെ വന്നതോടെയാണ് പൊലീസ് തെരുവിലിറങ്ങിയത്.
ഇടപെട്ട് കേന്ദ്രം
ഡൽഹി പൊലീസ് കമ്മിഷണർ അമൂല്യ പട്‌നായിക് സ്ഥലത്തെത്തി, ഡ്യൂട്ടിയിലേക്കു മടങ്ങണമെന്ന് പൊലീസുകാരോട് ആവശ്യപ്പെട്ടു. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാതെ പിന്തിരിയില്ലെന്ന കടുത്ത നിലപാടിലായിരുന്നു സമരക്കാർ . കിരൺ ബേദിയെപോലെയുള്ള കമ്മിഷണറെയാണ് ആവശ്യമെന്ന് മുദ്രാവാക്യം മുഴക്കിയ പൊലീസുകാർ കിരൺബേദിയെ മടക്കികൊണ്ടുവരൂവെന്ന പ്ലക്കാർഡുകളും ഉയർത്തി. ദീർഘനേരം ഗതാഗതം തടസപ്പെട്ടു.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൽ ഉന്നതതല യോഗം വിളിച്ചു. പരിക്കേറ്റ പൊലീസുകാർക്ക് സൗജന്യ ചികിത്സയും നഷ്‌ടപരിഹാരവും നൽകാനും അവരെ സന്ദർശിച്ച് പിന്തുണയും ആത്മവിശ്വാസവും ഉറപ്പാക്കാനും നിർദ്ദേശിച്ചു. തുടർന്ന് ക്രൈം സ്‌പെഷ്യൽ കമ്മിഷണർ സതിഷ് ഗോൽച്ച പരിക്കേറ്റ പൊലീസുകാർക്ക് നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.
തിസ് ഹസാരി സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം തീരും വരെ അഭിഭാഷകർക്കെതിരെ നടപടി ഡൽഹി ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ഈ ഉത്തരവ് സാകേതിൽ പൊലീസുകാരനെ മർദ്ദിച്ച കേസിൽ ബാധകമാകുമോ എന്നതിൽ വ്യക്തത തേടി
കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിൽ ഇന്ന് വാദം കേൾക്കും.
പിന്തുണയുമായി കിരൺബേദിയും
പൊലീസുകാർക്ക് പിന്തുണയുമായി കുടുംബാംഗങ്ങൾ ഇന്ത്യാഗേറ്റിൽ മെഴുകുതിരി കത്തിച്ചു. വിവിധ പൊലീസ് അസോസിയേഷനുകൾ പിന്തുണ പ്രഖ്യാപിച്ചു. പുതുച്ചേരി ലഫ്.ഗവർണറും ഡൽഹി മുൻ പൊലീസ് കമ്മിഷണറുമായ കിരൺ ബേദിയും പിന്തുണയുമായെത്തി. 1988ൽ അഭിഭാഷകനെ കളവു കേസിൽ പിടിച്ചപ്പോൾ സമാനമായ പ്രതിഷേധമുണ്ടായെങ്കിലും പൊലീസുകാർക്കൊപ്പം താൻ ഉറച്ചുനിന്നതായും അവർ പ്രതികരിച്ചു.
പൊലീസുകാരുടെ ആവശ്യങ്ങൾ
ഡൽഹി ഹൈക്കോടതിയിൽ നിന്ന് നീതിപൂർവമായ അന്വേഷണം ഉറപ്പാക്കുക
തിസ് ഹസാരി കോടതിയിലെ ആക്രമണങ്ങളിൽ പങ്കെടുത്ത എല്ലാ അഭിഭാഷകർക്കെതിരെയും കേസെടുക്കുക
പരിക്കേറ്റ പൊലീസുകാരുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക
ജഡ്ജിമാരുടെയും കോടതികളിലെയും പൊലീസ് സുരക്ഷ പിൻവലിക്കുക
ഉറപ്പുകൾ
കുറ്റക്കാരായ അഭിഭാഷകർക്കെതിരെ നടപടിയെടുക്കും
പ്രതിഷേധിച്ചവർക്കെതിരെ നടപടിയുണ്ടാവില്ല
പരിക്കേറ്റ പൊലീസുകാർക്ക് 25,000 രൂപ, സൗജന്യ ചികിത്സ