ന്യൂഡൽഹി: അഴീക്കോട് ഏറിയാട്ട് ബ്രൈറ്റ് ഡ്രൈവിംഗ് സ്‌കൂളിലെ കസ്‌റ്റമേഴ്സ് താഹിറയെ വിളിക്കുന്നു - ''ഇത്താ ഇങ്ങളെവിട്യാണ്...വണ്ടി ലെവലായിട്ടില്ല." ഏറിയാട്ടുകാർ വിളിച്ചാൽ ഡ്രൈവിംഗ് പഠിപ്പിക്കാനും തൊഴിലുറപ്പ് പണിക്കും എന്തിനുമേതിനും താഹിറയെന്ന 41കാരി 'ആൺകുട്ടി'യെപ്പോലെ എം 80 സ്‌കൂട്ടറിൽ പാഞ്ഞെത്തും. ആ താഹിറയുടെ ജീവിതം നാട്ടുകാരനായ സംവിധായകൻ സിദ്ധിഖ് പരവൂർ സിനിമയാക്കി. അതിൽ നായികയായ താഹിറ ആദ്യ പ്രദർശനത്തിന് ഡൽഹിയിലെത്തിയത് അറിയാതെയാണ് നാട്ടുകാരുടെ വിളി.
കഥ ഇതുവരെ
ചുങ്കത്ത് മുഹമ്മദ് ഉണ്ണിയുടെയും ബിപാത്തുവിന്റെയും ആറ് പെൺകുട്ടികളിൽ നാലാമത്തവൾ. വാപ്പയുണ്ടാക്കിയ കടത്തിൽ കിടപ്പാടം പോയപ്പോൾ ഏഴാം ക്ളാസിൽ പഠിപ്പു നിറുത്തി കുടുംബം പോറ്റാനിറങ്ങി. ആണുങ്ങളെപ്പോലെ ഏത് ജോലിയും ചെയ്‌തു. നാട്ടുകാർ 'അഞ്ചണ്ടിക്കാളി ' (ആണുങ്ങളെപ്പോലെ ജോലി ചെയ്യുന്നവൾ) എന്നു വിളിച്ച് കളിയാക്കി. 50 കിലോയുടെ രണ്ടു ചാക്ക് കാലിത്തീറ്റ മുന്നിലും പിന്നിലും കയറ്റി എം 80 സ്കൂട്ടറിൽ പറക്കുന്ന താഹിറ നാട്ടിലെ പതിവു കാഴ്‌ച. കുടുംബശ്രീയിലുമുണ്ട്. നാട്ടിലെ പെണ്ണുങ്ങളുടെ ഡ്രൈവിംഗ് ടീച്ചറുമാണ്. ആറുകൊല്ലം മുൻപ് വാപ്പ മയ്യത്തായെങ്കിലും ആൺകുട്ടിയെപ്പോലെ അദ്ധ്വാനിച്ച് അഞ്ച് സഹോദരിമാരെയും കെട്ടിച്ചയച്ചു. ഒരു സഹോദരിയെ പഠിപ്പിച്ച് അദ്ധ്യാപികയാക്കി. സ്വന്തമായുണ്ടാക്കിയ വീട്ടിൽ ഉമ്മയ്‌ക്കൊപ്പം താമസം.
താഹിറയുടെ കഥ സിനിമയാക്കാൻ തീരുമാനിച്ച സിദ്ധിഖിന് നായികയായി പശുവിനെ കറക്കാനും എം 80 ഒാടിക്കാനും അറിയുന്ന നടിയെ കിട്ടിയില്ല. രണ്ടാഴ്ചത്തെ തൊഴിലുറപ്പ് പണിയുണ്ടെന്ന് പറഞ്ഞ് താഹിറയെ തന്നെ ബുക്കു ചെയ്‌ത ശേഷമാണ് കാര്യം പറഞ്ഞത്. ആദ്യം മടിച്ചെങ്കിലും സിദ്ധിഖ് ധൈര്യം നൽകിയപ്പോൾ കാമറയ്‌ക്കു മുന്നിലും ഒരു കൈ നോക്കാമെന്നായി.
ജീവിതത്തിൽ ഇല്ലാത്ത ട്വിസ്റ്റ് സിനിമയിൽ
അവിവാഹിതയായ താഹിറയുടെ ജീവിതത്തിൽ ഇല്ലാത്ത ഒരു കഥാപാത്രത്തെ സംവിധായകൻ സിനിമയിൽ കൊണ്ടുവന്നു. അവർ ജീവിത പങ്കാളിയാക്കുന്ന അന്ധനായ ബിച്ചാപ്പു. പാലക്കാട് ശ്രീകൃഷ്‌ണപുരം ഹെലൻകെല്ലർ അന്ധവിദ്യാലയത്തിലെ അദ്ധ്യാപകനും ജന്മനാ അന്ധനുമായ ക്ളിന്റ മാത്യുവാണ് ബിച്ചാപ്പുവാകുന്നത്. മലയാളത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ളോമയുമുണ്ട് ക്ളിന്റിന്. രാവിലെ കേരളകൗമുദി ഒാൺലൈനിലെ ആഡിയോ വാർത്തകൾ പതിവായി കേൾക്കും. സുഹൃത്തുക്കൾക്കൊപ്പം മിക്ക സിനിമകളും 'കാണും'.
നാടകത്തിൽ പോലും അഭിനയിച്ചിട്ടില്ലാത്ത ക്ളിന്റ് ബിച്ചാപ്പുവിനെ അവതരിപ്പിച്ചും സ്വയം ഡബ്ബു ചെയ്‌തും അദ്ഭുതപ്പെടുത്തിയെന്ന് സംവിധായകൻ. അന്ധരെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകൾ സിനിമ തിരുത്തുമെന്ന് ക്ളിന്റ് പറയുന്നു.
കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി കേരള ഹൗസിൽ ഇന്നു വൈകിട്ട് 'താഹിറ' സിനിമയുടെ പ്രിവ്യൂ നടക്കും. കാർട്ടൂണിസ്‌റ്റ് സുധീർനാഥ് ആണ് അതിന് മുൻകൈ എടുത്തത്. ക്ളിന്റിനും താഹിറയ്ക്കും ഡൽഹിയിലേക്കുള്ള വിമാന യാത്രയും അവിസ്‌മരണീയമായി. ആദ്യമായാണ് താഹിറ അഴിക്കോടിന് പുറത്തു പോകുന്നത്.