ന്യൂഡൽഹി : തീൻമൂർത്തി ഭവൻ എന്ന നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ ഭരണസംവിധാനം ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ. നിലവിലെ കോൺഗ്രസ് അംഗങ്ങളായ മല്ലികാർജ്ജുൻ ഖാർഗെ , ജയറാം രമേശ് , കരൺ സിംഗ് എന്നിവരെ ഒഴിവാക്കിയാണ് മ്യൂസിയത്തിന്റെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തത്. മ്യൂസിയത്തിന്റെ അദ്ധ്യക്ഷൻ ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയാകും. ഉപാദ്ധ്യക്ഷൻ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമ്മല സീതാരാമൻ, രമേശ് പൊഖ്റിയാൽ, പ്രകാശ് ജാവദേക്കർ, വി. മുരളീധരൻ, പ്രഹ്ലാദ് സിംഗ് പട്ടേൽ, ഐ.സി.സി.ആർ. ചെയർമാൻ വിനയ് സഹസ്രബുധേ, പ്രസാർ ഭാരതി ചെയർമാൻ എ. സൂര്യ പ്രകാശ്, പ്രധാന വകുപ്പുകളിലെ സെക്രട്ടറിമാർ , ടെലിവിഷൻ ജേർണലിസ്റ്റ് രജത് ശർമ്മ , പ്രശസ്ത പരസ്യ ദാതാവ് പ്രസൂൺജോഷി എന്നിവരും പുതിയ പാനലിലെ അംഗങ്ങളാണ്. ഇതിന് പുറമേ ജവഹർലാൽ നെഹ്റു ഫണ്ടുമായി ബന്ധപ്പെട്ട പാനലിൽ എൻ.എം.എം.എൽ. ഡയറക്ടർ രാഘവേന്ദ്ര സിംഗിനെയും രജത് ശർമ്മയേയും പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വർഷമാണ് പാനലിന്റെ കാലാവധി.
ഇത് സംബന്ധിച്ച ഉത്തരവും കേന്ദ്ര സർക്കാർ പുറത്തിറക്കി.വർഷങ്ങളായി തീൻമൂർത്തി ഭവന്റെ ഭരണം കോൺഗ്രസ് അദ്ധ്യക്ഷന്മാരോ , നെഹ്റു കുടുംബം നിർദേശിക്കുന്നവരോ ആണ് . എന്നാൽ സർക്കാർ ചെലവിൽ ദൈനംദിന കാര്യങ്ങൾ നടക്കുന്ന സ്ഥാപനം ഒരു പാർട്ടി നിയന്ത്രിക്കുന്നുവെന്ന് കാട്ടി ബി.ജെ.പി. ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന്റെ ബാക്കി പത്രമായാണ് പുതിയ നേതൃത്വം അധികാരത്തിലെത്തിയത്.
പ്രധാനമന്ത്രിയുടെ വസതി
1930 ലാണ് ഡൽഹിയിൽ തീൻമൂർത്തി ഭവൻ കോംപ്ലക്സ് ബ്രിട്ടീഷുകാർ പണി കഴിപ്പിച്ചത്. ബ്രിട്ടീഷ് ഇന്ത്യൻ ആർമി ചീഫിന് വേണ്ടി പണികഴിപ്പിച്ച ഇത് സ്വാതന്ത്ര്യത്തിന്ശേഷം പ്രഥമ പ്രധാനമന്ത്രിയുടെ വസതിയായി.1964 ൽ നെഹ്റു മരിക്കും വരെ ഇവിടെയായിരുന്നു താമസം. ശേഷം ഇത് സ്മാരകമാക്കി മാറ്റി . സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻ്റ് ലൈബ്രറി, സെന്റർഫോർ കണ്ടംപ്രറി സ്റ്റഡീസ്, നെഹ്റു പ്ലാനറ്റോറിയം എന്നിങ്ങിനെ വിവിധ സ്ഥാപനങ്ങൾ തീൻമൂർത്തി ഭവന്റെ ഭാഗമാണ് .
പേര് കളയും
നെഹ്റുവിന്റെ പേര് ഈ മ്യൂസിയത്തിന്റെ പേരിൽ നിന്നും നീക്കം ചെയ്യാനാണ് സർക്കാരിന്റെ ആലോചന. എല്ലാ പ്രധാനമന്ത്രിമാരുടെയും മ്യൂസിയം എന്ന തരത്തിൽ പേരുമാറ്റം വരുമെന്നാണ് സൂചന. മുൻ കൾചറൽ സെക്രട്ടറി രാഘവേന്ദ്ര സിംഗിനെ സ്ഥാപനത്തിന്റെ ഡയറക്ടറായി നിയമിച്ചിരുന്നു കഴിഞ്ഞമാസം. നേരത്തെ ശക്തി സിൻഹയാണ് ഈ ചുമതല വഹിച്ചു കൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചപ്പോഴായിരുന്നു പുതിയ നിയമനം.