ന്യൂഡൽഹി: അപേക്ഷ നൽകിയ ഉടൻ പാൻ നമ്പർ സൗജന്യമായി ലഭിക്കുന്ന സംവിധാനം രണ്ടാഴ്ചയ്ക്കുള്ളിൽ നടപ്പിലാകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. അപേക്ഷകന്റെ ആധാർ നമ്പറിൽ ലഭ്യമായ വിവരങ്ങൾ പരിശോധിച്ചാണ് ഓൺലൈൻ പാൻ നമ്പർ അനുവദിക്കുന്നത്.
നിലവിൽ പാൻ കാർഡിനായി അപേക്ഷ നൽകി ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
പാനിന് അപേക്ഷിക്കുന്നവർ നൽകുന്ന ആധാർ നമ്പറിലെ വിവരങ്ങൾ ഒ.ടി.പി പാസ്വേഡ് നൽകി ക്രോസ് ചെക്ക് ചെയ്യും. മേൽവിലാസം, പിതാവിന്റെ പേര്, ജനനത്തീയതി തുടങ്ങിയവയിലെ കൃത്യതയാണ് പരിശോധിക്കുക. മറ്റ് രേഖകൾ ഒന്നും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടി വരില്ല.
അപേക്ഷകൻ പാൻ ജനറേറ്റ് ചെയ്ത് കഴിഞ്ഞാൽ ഡിജിറ്റൽ സിഗ്നേച്ചറോട് കൂടിയ ഇ-പാൻ ലഭിക്കും. ക്യു ആർ കോഡിൽ ഫോട്ടോയും മറ്റ് വിവരങ്ങളും ഉണ്ടാകും. പദ്ധതിയുടെ പൈലറ്റ് പ്രോജക്ടിൽ 60,000 പേർക്ക് എട്ട് ദിവസം കൊണ്ടാണ് പാൻ കാർഡ് നൽകിയത്.