lawyer
LAWYER

ന്യൂഡൽഹി: തെരുവിലിറങ്ങി നടത്തിയ അസാധാരണ പ്രതിഷേധത്തിന് ശേഷം പൊലീസുകാർ ഡ്യൂട്ടിയിലേക്ക് മടങ്ങിയെങ്കിലും കലിയടങ്ങാതെ അഭിഭാഷകർ ഇന്നലെയും പ്രതിഷേധം ശക്തമാക്കിയതിനാൽ ഡൽഹി സംഘർഷം മൂന്നാംദിനവും

കെട്ടടങ്ങിയില്ല. അതേസമയം തിസ്ഹസാരിയിൽ ശനിയാഴ്ച പൊലീസുകാരെ മർദ്ദിച്ച അഭിഭാഷകർക്കെതിരെ ജുഡിഷ്യൽ അന്വേഷണം തീരും വരെ കേസെടുക്കരുതെന്ന് ഡൽഹി ഹൈക്കോടതി വീണ്ടും വ്യക്തമാക്കി. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയ ഹർജി തള്ളുകയും ചെയ്തു. ബെെക്കിൽ പോയ പൊലീസുകാരനെ സാകേത് കോടതി വളപ്പിൽ മർദ്ദിച്ച സംഭവത്തിൽ അഭിഭാഷകർക്കെതിരെ രണ്ട് കേസെടുത്തിട്ടുണ്ട്. ഇതിനിടെ രാജസ്ഥാനിലെ ആൽവാർ കോടതിയിൽ ഒരു വനിത ഉൾപ്പെടെ 4 പൊലീസുകാരെ അഭിഭാഷക സംഘം കൈയേറ്റം ചെയ്ത സംഭവമുണ്ടായി. പൊലീസ് - അഭിഭാഷക സംഘർഷം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കുമോ എന്ന ഭീതിക്ക് ഇതിടയാക്കിയിരിക്കുകയാണ്.

‌‌ഡൽഹിയിൽ ഇന്നലെ നടന്നത്

ഡൽഹിയിലെ ആറ് ജില്ലാ കോടതികളും അഭിഭാഷകർ ബഹിഷ്കരിച്ചു. തിസ്ഹസാരി സംഘർഷത്തിലുൾപ്പെട്ട പൊലീസുകാർക്കെതിരെയും തെരുവിലിറങ്ങിയ പൊലീസുകാർക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. തുടർച്ചയായ മൂന്നാം ദിവസമാണിത്. പാട്യാല ഹൗസ്, സാകേത് കോടതികളുടെ പ്രധാന ഗേറ്റുകൾ അഭിഭാഷകർ പൂട്ടി. കക്ഷികളെ കയറ്റി വിട്ടില്ല. രോഹിണി ജില്ലാ കോടതിയിൽ ഒരു അഭിഭാഷകൻ ഉടുപ്പൂരി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. അതേകോടതിയിൽ തന്നെ കെട്ടിടത്തിന്റെ മുകളിൽ കയറി താഴേക്ക് ചാടുമെന്ന് മറ്റൊരു അഭിഭാഷകനും വിളിച്ചു പറഞ്ഞു. കർക്കർഡൂമ കോടതിയിലെ അഭിഭാഷകർ താത്കാലിക ചായക്കടയുണ്ടാക്കി പൊലീസുകാരെയടക്കം ചായയ്ക്ക് ക്ഷണിച്ച് പരിഹസിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. കോടതി ബഹിഷ്കരണം അവസാനിപ്പിക്കണമെന്ന് ബാർ കൗൺസിൽ ഒഫ് ഇന്ത്യ ആഹ്വാനം ചെയ്തിരുന്നു. അഭിഭാഷകർക്കെതിരെ വെടിവയ്പും ലാത്തിച്ചാർജും നടത്തിയ പൊലീസുകാരെ അറസ്റ്റുചെയ്യാതെ ജോലിയിൽ പ്രവേശിക്കില്ലെന്ന നിലപാടിൽ ഒരുവിഭാഗം അഭിഭാഷകർ ഉറച്ചുനിൽക്കുകയാണ്. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുകാർ കോടതിയിലെത്താത്തതിനാൽ സുരക്ഷാ പരിശോധനയൊന്നും നടക്കാത്തത്, പ്രത്യേകിച്ചും ‌ഡൽഹി പോലുള്ള തന്ത്രപ്രധാനമായ സ്ഥലത്ത് സുരക്ഷാ ഭീഷണിയായിട്ടുണ്ട്.

പൊലീസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് ചീഫ് അമൂല്യ പട്നായിക്ക് ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ലെഫ്. ഗവർണർ അനിൽ ബൈജാലുമായി കൂടിക്കാഴ്ച നടത്തി. എല്ലാ പൊലീസുകാരും ഇന്നലെ ഡ്യൂട്ടിക്ക് എത്തിയതായി ജോയിന്റ് കമ്മിഷണർ അറിയിച്ചു. അക്രമത്തിൽ പങ്കാളികളായ എല്ലാ അഭിഭാഷകരെയും കണ്ടെത്തി ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കണമെന്ന് സെൻട്രൽ ഐ.പി.എസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പഞ്ചാബ് പൊലീസ് അസോസിയേഷനും ഡൽഹി പൊലീസിന് പിന്തുണയറിയിച്ചു.