ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ രൂക്ഷമായ വായുമലിനീകരണത്തിൽ പഞ്ചാബ്, യു.പി, ഹരിയാന, ഡൽഹി ചീഫ്സെക്രട്ടറിമാരെ വിളിച്ചുവരുത്തി സുപ്രീംകോടതി അതിരൂക്ഷമായി വിമർശിച്ചു. കൃത്യമായ പദ്ധതികൾ തയാറാക്കി പാടങ്ങളിൽ അവശിഷ്ടങ്ങൾ കത്തിക്കുന്ന പ്രശ്നം പരിഹരിക്കുന്നതിന് പകരം എല്ലാത്തിനും കർഷകരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കേണ്ട സമയമായെന്നും ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വാക്കാൽ പറഞ്ഞു.

'ജനങ്ങൾ മരിക്കുകയാണ്.1800 ആണ് മലിനീകരണ തോത്. വിമാനങ്ങൾ വഴിതിരിച്ചുവിടുന്നു. നിങ്ങൾ ഈ നേട്ടത്തിൽ അഭിമാനിക്കുന്നില്ലേയെന്ന്" ബെഞ്ച് പരിഹസിച്ചു.

'നിങ്ങളാണ് ഉത്തരവാദികൾ. ആരും രാജ്യത്തെ പാവപ്പെട്ട പൗരന്മാരെക്കുറിച്ച് ആലോചിക്കുന്നില്ല. മുഴുവൻ സംവിധാനത്തെയും ശിക്ഷിക്കുമെന്നും" അദ്ദേഹം പറഞ്ഞു.

യന്ത്രങ്ങൾ വാങ്ങാൻ പണമില്ലെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറി പറഞ്ഞതിന് അതിരൂക്ഷ പ്രതികരണമാണ് ബെഞ്ചിൽ നിന്നുണ്ടായത്.

'നിങ്ങൾക്ക് പണമില്ല. നിങ്ങൾക്ക് ഒരു പദ്ധതിയുമില്ല. അപ്പോൾ നിങ്ങൾക്ക് ചീഫ്സെക്രട്ടറിയായിരിക്കാൻ അവകാശമില്ല. ഇത് നിങ്ങളുടെ പരാജയമാണ്. നിങ്ങളെ ഇവിടെ വച്ചുതന്നെ സസ്പെൻഡ് ചെയ്യുമെന്നും " മുന്നറിയിപ്പ് നൽകി.

കർഷകർക്ക് ധനസഹായം

........................................

അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 7 ദിവസത്തിനകം ചെറുകിട ഇടത്തരം കർഷകർക്ക് ക്വിൻറലിന് 100 രൂപ യു.പി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങൾ നൽകണം

ആവശ്യമായ യന്ത്രങ്ങൾ വാടകയ്ക്കെടുക്കാനും ധനസഹായം

സംസ്ഥാനസർക്കാരുകൾ അവരുടെ ഫണ്ടിൽ തുക ഉടൻ നൽകണം.

ഇടത്തരം ചെറുകിട കർഷകർക്കായി മൂന്നുമാസത്തിനുള്ളിൽ കേന്ദ്രം പദ്ധതി തയാറാക്കണം