coins-

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ തളർന്ന റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്ക് കേന്ദ്രസർക്കാർ 25,000 കോടിയുടെ ഭവനനിർമ്മാണ പാക്കേജ് പ്രഖ്യാപിച്ചു. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാകുന്നതുവരെ ഘട്ടം ഘട്ടമായി സാമ്പത്തിക സഹായം നൽകാനാണിത്.

ഇതിനായി ബദൽ ഇൻവെസ്‌‌റ്റ്മെന്റ് ഫണ്ട് (ഇ.ഐ.എഫ്) എന്ന പ്രത്യേക ജാലക സംവിധാനത്തിൽ 10,000 കോടിയും എസ്.ബി.ഐ, എൽ.ഐ.സി എന്നിവയിൽ ബാക്കി ഫണ്ടും നിക്ഷേപിക്കും. ക്രമേണ മറ്റ് ഏജൻസികളും ഫണ്ടിംഗ് നടത്തുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു.

മെട്രോ നഗരങ്ങളിൽ 70 ശതമാനം പൂർത്തിയാകുകയും 30 ശതമാനം നിർമ്മാണം അവശേഷിക്കുന്നതുമായ പദ്ധതികളെയാണ് പരിഗണിക്കുക. പദ്ധതി പൂർത്തിയാകുന്നതുവരെ ഘട്ടം ഘട്ടമായി പണം ലഭ്യമാക്കും. കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും പരിഗണിക്കും. ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത ശേഷം മുടങ്ങിയ നോൺ പെർഫോമിംഗ് അസെറ്റ് (എൻ.പി.എ) ആയി പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾക്കുള്ള നിയന്ത്രണം നീക്കുമെന്നും മന്ത്രി പറഞ്ഞു.

മുൻകൂർ പണം നൽകിയ ശേഷം ഭവന നിർമ്മാണ പദ്ധതികൾ മുടങ്ങിക്കിടക്കുന്നതായുള്ള പരാതികൾ വ്യാപകമായതിനെ തുടർന്നാണ് സർക്കാർ നടപടിയുമായി രംഗത്തെത്തിയത്. പരിഹാരം കാണാൻ കേന്ദ്രസർക്കാർ റിസർവ് ബാങ്കിനെയും മറ്റ് ബാങ്കുകളെയും വിളിച്ച് ചർച്ച നടത്തി. ഉപഭോക്താക്കൾക്കൊപ്പം ബിൽഡർമാരുടെ ആശങ്കയും സർക്കാർ പരിഗണിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

 സഹായം ഇങ്ങനെ

മുംബയ്,ഡൽഹി അടക്കമുള്ള മെട്രോ നഗരങ്ങളിൽ രണ്ടു കോടി രൂപയ്ക്കും മറ്റു നഗരങ്ങളിൽ ഒരു കോടി രൂപയ്‌ക്കും താഴെ മൂല്യമുള്ള മുടങ്ങിക്കിടക്കുന്ന റിയൽ എസ്‌റ്റേറ്റ് പദ്ധതികൾക്കാണ് പാക്കേജ് പ്രകാരം സഹായം ലഭിക്കുക.

 രാജ്യത്ത് 1600 ഭവന നിർമ്മാണ പദ്ധതികൾ പാതി വഴിയിൽ
 ഇതിൽ 4.58 ലക്ഷം ഭവന യൂണിറ്റുകളുണ്ട്