maharastr-politics

സേന എം.എൽ.എമാരെ ഹോട്ടലിലേക്ക് മാറ്റി

സഖ്യമാകാം, മുഖ്യമന്ത്രി പദത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഉദ്ധവ് താക്കറെ

 ഒത്തുതീർപ്പായില്ലെങ്കിൽ മഹാരാഷ്‌ട്ര രാഷ്‌ട്രപതി ഭരണത്തിലേക്ക്

ന്യൂഡൽഹി / മുംബയ്: മഹാരാഷ്‌ട്രയിൽ നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ, മുഖ്യമന്ത്രിപദം പങ്കിടണമെന്ന ശിവസേനയുടെയും സാദ്ധ്യമല്ലെന്ന ബി.ജെ.പിയുടെയും കടുംപിടിത്തത്തിൽ മന്ത്രിസഭാ രൂപീകരണം വൈകുന്നത് സംസ്ഥാനത്തെ ഭരണഘടനാ പ്രതിസന്ധിയുടെ വക്കിൽ എത്തിച്ചു. ഞായറാഴ്‌ച പുതിയ മന്ത്രിസഭ നിലവിൽ വന്നില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണത്തിന് സാദ്ധ്യത തെളിഞ്ഞിരിക്കുകയാണ്.

അതേസമയം, ബി.ജെ.പിയുമായുള്ള സഖ്യം തകർക്കാൻ താത്പര്യമില്ലെന്നും മുഖ്യമന്ത്രി പദം പങ്കിടാമെന്ന വാക്ക് ബി.ജെ.പി പാലിച്ചേ തീരൂ എന്നുമാണ് ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ ഇന്നലെ എം.എൽ.എമാരുടെ യോഗത്തിൽ പറഞ്ഞത്. ബി.ജെ.പിയെ അവഗണിക്കുന്നില്ല. എന്നാൽ മുഖ്യമന്ത്രി പദം തീരുമാനിച്ച ശേഷം മാത്രം പിന്തുണ ചർച്ച ചെയ്യാമെന്നും താക്കറെ പറഞ്ഞു. ഇത് സേന പകുതി വഴങ്ങുന്നതിന്റെ സൂചനയാകാം.

തിരക്കിട്ട രാഷ്‌ട്രീയ നീക്കങ്ങൾ നടന്ന ഇന്നലെ, കേവലഭൂരിപക്ഷം ഉറപ്പാക്കാതെ ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ കണ്ട കെയർ ടേക്കർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബി.ജെ.പി സർക്കാരിനായി അവകാശവാദം ഉന്നയിക്കാതെ മടങ്ങി. സർക്കാർ രൂപീകരണം വൈകുന്നതുമായി ബന്ധപ്പെട്ട നിയമ വശങ്ങൾ ചർച്ച ചെയ്യാനാണ് ഗവർണറെ കണ്ടതെന്നാണ് സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞത്. അതിന് പിന്നാലെ ബി.ജെ.പി ശിവസേന എം.എൽ.എമാരുമായി

ചർച്ച നടത്തിയെന്നും സേനയെ പിളർത്തിയേക്കുമെന്നും അഭ്യൂഹങ്ങൾ ശക്തമായി. അതോടെ ശിവസേനാ നേതൃത്വം അങ്കലാപ്പിലായി. സേനാ എം.എൽ.എമാരുടെ യോഗം ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയിൽ വിളിച്ചു കൂട്ടി. ഈ യോഗത്തിലാണ് സഖ്യം തകർക്കില്ലെന്ന് ഉദ്ധവ് പറഞ്ഞത്. യോഗത്തിന് ശേഷം എം.എൽ.എമാരെ സമീപത്തെ ഒരു ഹോട്ടലിലേക്ക് മാറ്റി. പലർക്കും മുംബയിൽ വീടില്ലാത്തതിനാലും എല്ലാവരെയും ഒന്നിച്ച് നിറുത്താനുമാണ് ഹോട്ടലിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം.

ഇതോടെ സംസ്ഥാന രാഷ്‌ട്രീയം ഉദ്വേഗഭരിതമായ ക്ളൈമാക്‌സിലേക്ക് നീങ്ങുകയാണ്.

സർക്കാരുണ്ടാക്കാനില്ലെന്ന് എൻ.സി.പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ സാഹചര്യങ്ങൾ ബി.ജെ.പിക്ക് അനുകൂലമായിരുന്നു. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ ഉടൻ സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി സൂചിപ്പിക്കുകയും ചെയ്‌തു. എന്നാൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്‌ക്കാതെ പിന്തുണ നൽകില്ലെന്ന ശിവസേന നിലപാടു കാരണം കുരുക്കഴിഞ്ഞില്ല.

അതിനിടെ, ആർ.എസ്.എസ് നേതാക്കൾ മദ്ധ്യസ്ഥ നീക്കങ്ങൾ നടത്തിയെന്ന വാർത്ത പരന്നെങ്കിലും ഉദ്ധവ് അത് നിഷേധിച്ചു. ദേവേന്ദ്ര ഫഡ്‌നാവിസ് എന്ന ജൂനിയർ നേതാവിന് മുന്നിൽ വഴങ്ങാൻ മടിക്കുന്ന ഉദ്ധവ് താക്കറെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഇടപെട്ടാൽ അയയുമെന്നും സൂചനയുണ്ട്.

ഗവർണറുടെ തീരുമാനം നിർണായകം

നാളെ പുതിയ മന്ത്രിസഭ നിലവിൽ വന്നില്ലെങ്കിൽ നിയമസഭ സസ്പെൻഡ് ചെയ്‌ത് രാഷ്‌ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാം.

അല്ലെങ്കിൽ തത്കാലം ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ 105 അംഗങ്ങളുള്ള ബി.ജെ.പിയെ ഏറ്റവും വലിയ കക്ഷി എന്ന നിലയിൽ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാം.

സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ട സമയത്ത് തർക്കം പരിഹരിക്കാം.

അത് വരെ പോകാതെ ഇന്നോ നാളെയോ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്നും സൂചനയുണ്ട്.