ayodhya-

ന്യൂഡൽഹി: അയോദ്ധ്യ ബാബ്റി മസ്ജിദ് രാമജന്മഭൂമി ഭൂമി തർക്ക കേസിൽ ഏത് നിമിഷവും സുപ്രീംകോടതി വിധി വരാനിരിക്കെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. പ്രശ്നസാദ്ധ്യതാ മേഖലകളിൽ ആവശ്യമായ സുരക്ഷയൊരുക്കാനും അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ മുൻകരുതലെടുക്കാനും കേന്ദ്രആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി. അയോദ്ധ്യയിലേക്ക് 4000 അർദ്ധസൈനികരെ കേന്ദ്രസർക്കാർ നിയോഗിച്ചു. കൂടുതൽ സേനാംഗങ്ങളെ അടുത്തദിവസങ്ങളിൽ നിയമിക്കും. ക്രമസമാധാനം ഉറപ്പാക്കാൻ 12000 പൊലീസുകാരെ യു.പി സർക്കാർ സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്. അയോദ്ധ്യയിൽ ഡിസംബർ അവസാനം വരെ നിരോധനാ‌ജ്ഞ നിലവിലുണ്ട്. സമാധാനം ഉറപ്പാക്കാനായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി ആർ.എസ്.എസ്. നേതാക്കളുമായും മുസ്‌ലിം പുരോഹിതരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. എ.ഡി.ജി.പി റാങ്കുള്ള ഉദ്യോഗസ്ഥനാണ് സുരക്ഷാചുമതല.

തർക്കസ്ഥലം മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഹിന്ദു, മുസ്‌ലീം കക്ഷികൾ സമർപ്പിച്ച പതിന്നാല് അപ്പീലുകളിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോ, പാർട്ടി അദ്ധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായോ ആയിരിക്കും വിധിയെക്കുറിച്ച് ആദ്യം പ്രതികരിക്കുക. വിധിയുടെ പശ്ചാത്തലത്തിൽ പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന് ബി.ജെ.പിയും വിവിധ മുസ്ലീം സാമുദായിക നേതാക്കളും ആർ.എസ്.എസും എൻ.സി.പിയും ബി.എസ്.പിയും തങ്ങളുടെ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 സമൂഹമാദ്ധ്യമ നിരീക്ഷണത്തിന് 16000 പേർ
സോഷ്യൽ മീഡിയ നിരീക്ഷിക്കാൻ യു.പി പൊലീസ് 16000 സന്നദ്ധപ്രവർത്തകരെ നിയോഗിച്ചു. വിധിയുമായി ബന്ധപ്പെട്ട് അധിക്ഷേപകരവും പ്രകോപനകരവുമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ ദേശസുരക്ഷനിയമപ്രകാരം നിയമനടപടിയുണ്ടാകും. പോസ്റ്റുകൾ ഷെയർ ചെയ്യുകയോ ലൈക്ക് ചെയ്യുകയോ ചെയ്താലും നടപടിയുണ്ടാകും. സന്നദ്ധ പ്രവർത്തകരെ കൂട്ടിയോജിപ്പിക്കാൻ അയോദ്ധ്യ പൊലീസ് മൊബൈൽ ആപ്പ് പുറത്തിറക്കി. 1600 ഗ്രാമങ്ങളിൽ, ഒരു ഗ്രാമത്തിന് 10 സന്നദ്ധപ്രവർത്തരാണുണ്ടാകുക.

 സുരക്ഷയ്ക്കായി നാലുമേഖലകൾ

ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നിങ്ങനെ അയോദ്ധ്യയെ നാലു മേഖലകളായി തിരിച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ. ചുവപ്പ്, മഞ്ഞ മേഖലകളിൽ കേന്ദ്ര പാരാമിലിറ്ററി സൈനികർ നിലയുറപ്പിക്കും. തർക്കമന്ദിരം ഉൾപ്പെടുന്ന പ്രദേശമാണ് ചുവപ്പ്. അതിന് തൊട്ടടുത്തുള്ള എട്ടുകിലോമീറ്റർ മഞ്ഞ മേഖല. പിന്നീട് വരുന്ന 22 കി.മി പ്രദേശം പച്ച. അയോദ്ധ്യയ്ക്ക് തൊട്ടടുത്ത ജില്ലകൾ കൂടി ഉൾപ്പെടുന്നതാണ് നീല. 700 സർക്കാർ സ്കൂളുകളും 50 എയിഡഡ് സ്കൂളുകളും 25 സി.ബി.എസ്.ഇ സ്കൂളുകളും സുരക്ഷാ സേനയ്ക്ക് താമസസൗകര്യമൊരുക്കാനായി വിട്ടുനൽകിയിട്ടുണ്ട്. സ്കൂളുകളിലും കോളേജുകളിലുമായി താത്കാലിക ജയിലുകളൊരുക്കും.

 '' വിധിയെക്കുറിച്ച് ഒരു പ്രസ്താവനയും നടത്തരുത്. അനാവശ്യപ്രസ്താവനകൾ ഒഴിവാക്കാൻ കരുതലോടെ പ്രവർത്തിക്കണം. വിധി വന്നാൽ മതസൗഹാർദവും ഐക്യവും നിലനിറുത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാകണം."- മോദി മന്ത്രിസഭായോഗത്തിൽ പറഞ്ഞത്.