ന്യൂഡൽഹി:ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ ഇംഗ്ലീഷിനും ഹിന്ദിയ്ക്കും പുറമേ ഗുജറാത്തിയിലും എഴുതാമെന്ന വ്യവസ്ഥയ്ക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അടക്കം പ്രതിഷേധവുമായി വീണ്ടും രംഗത്ത്. ഇന്ത്യയിലെ മറ്റൊരു പ്രാദേശിക ഭാഷയ്ക്കുമില്ലാത്ത പ്രാധാന്യം ഗുജറാത്തി ഭാഷയ്ക്ക് മാത്രം നൽകുന്നത് വിവേചനമാണെന്നാണ് പരാതി.

2014ൽ സി.ബി.എസ്.ഇയാണ് ഉർദു, മറാത്തി, ഗുജറാത്തി എന്നീ ഭാഷകൾ ജെ.ഇ.ഇ. പരീക്ഷയിൽ ഉൾപ്പെടുത്തിയത്. എന്നാൽ 2016ൽ ഉർദു, മറാത്തി ഭാഷകൾ പിൻവലിക്കുകയും ഗുജറാത്തി നിലനിറുത്തുകയും ചെയ്തു. അന്ന് മുതൽ പ്രതിഷേധം തുടരുകയാണ്. ഗുജറാത്ത് സെന്ററായി തിരഞ്ഞെടുക്കുന്നവർക്കാണ് ഗുജറാത്തി ഭാഷയിലും പരീക്ഷ എഴുതാൻ അനുവദിക്കുന്നത്.

ഗുജറാത്തി ഉൾപ്പെടുത്താമെങ്കിൽ ബാംഗാളി അടക്കം എല്ലാ പ്രദേശിക ഭാഷയിലും പരീക്ഷ എഴുതാൻ വിദ്യാർത്ഥികളെ അനുവദിക്കണമെന്നാണ് മമത ബാനർജി ആവശ്യപ്പെടുന്നത്.പ്രതിഷേധം ശക്തമായതോടെ 2021 മുതലുള്ള ജെ.ഇ.ഇ. പരീക്ഷയിൽ നിന്ന് ഗുജറാത്തി ഒഴിവാക്കാമെന്ന് മാനവവിഭവശേഷി മന്ത്രാലയ അധികൃതർ പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല.

അഖിലേന്ത്യാടിസ്ഥാനത്തിൽ നടക്കുന്ന പരീക്ഷയിൽ ഒരു സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും ഭാഷയ്ക്കും മാത്രം പ്രത്യേക പരിഗണന നൽകുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് .എസ്.എഫ്.ഐ. ദേശീയ അദ്ധ്യക്ഷൻ വി.പി.സാനു പറഞ്ഞു.