thahira

ന്യൂഡൽഹി: സ്വന്തം ജീവിത കഥ പ്രമേയമായ സിനിമയിൽ അഭിനയിക്കേണ്ടി വന്നില്ലെന്നും അവിടെയും താൻ ജീവിക്കുകയായിരുന്നുവെന്നും തൃശൂർ അഴീക്കോട് ഏറിയാട്ട് സ്വദേശി താഹിറ പറഞ്ഞു. താഹിറ നായികയും ജൻമനാ അന്ധനായ ക്ലിന്റ് മാത്യു ബിച്ചാപ്പു എന്ന നായകവേഷവും അവതരിപ്പിച്ച സിനിമയുടെ ഡൽഹി കേരളാ ഹൗസിൽ നടന്ന പ്രിവ്യൂവിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. ജീവിത യാഥാർത്ഥ്യങ്ങളെ അതേപടി പകർത്തിയ സിനിമ വല്ലാത്ത അനുഭവമാണെന്ന് പ്രശസ്‌ത എഴുത്തുകാരൻ കെ. സച്ചിദാനന്ദൻ പറഞ്ഞു. സംവിധായകൻ സിദ്ധീക്ക് പറവൂരിനെ അദ്ദേഹം അഭിനന്ദിച്ചു. ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത്, എംപിമാരായ കെ. സോമപ്രസാദ്, ബെന്നി ബഹനാൻ, കേരള പിറവി ആഘോഷ കമ്മറ്റി ജനറൽ കൺവീനർ ബാബു പണിക്കർ തുടങ്ങി ഒട്ടേറെ പ്രമുഖർ കേരള ഹൗസിലെ കോൺഫറൻസ് ഹാളിൽ നടത്തിയ പ്രത്യേക പ്രദർശനം കാണാൻ എത്തിയിരുന്നു. പിന്നീട് പൊതുജനങ്ങൾക്കു വേണ്ടിയും ചിത്രം പ്രദർശിപ്പിച്ചു.