ന്യൂഡൽഹി: ഒരു ജഡ്‌ജിയുടെ വിയോജിപ്പ് വധശിക്ഷ ഒഴിവാക്കാനുള്ള കാരണമല്ലെന്ന് സുപ്രീംകോടതി. പത്തുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും പെൺകുട്ടിയെയും സഹോദരനെയും കൊലപ്പെടുത്തുകയും ചെയ്‌ത കേസിലെ പ്രതിയുടെ വധശിക്ഷയ്‌ക്കെതിരായ പുനഃപരിശോധന ഹർജി തള്ളിയാണ് ജസ്‌റ്റിസുമാരായ രോഹിന്റൺ നരിമാൻ, സൂര്യകാന്ത്, സഞ്ജയ് ഖന്ന എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. പ്രതി മനോഹരന് വധശിക്ഷ വിധിച്ച ഹൈക്കോടതി ഉത്തരവ് ഈ വർഷം ആഗസ്‌തിൽ ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി ശരിവെച്ചിരുന്നു. മൂന്നംഗബെഞ്ചിൽ ജസ്‌റ്റിസുമാരായ രോഹിന്റൺ നരിമാനും സൂര്യകാന്തും വധശിക്ഷയെ ശരിവച്ചപ്പോൾ ജസ്‌റ്റിസ് സഞ്ജയ് ഖന്ന വിയോജിച്ചു. ജസ്റ്റിസ് ഖന്നയുടെ ഈ ന്യൂനപക്ഷവിധി ചൂണ്ടിക്കാട്ടിയാണ് പ്രതി പുനഃപരിശോധന ഹർജി നൽകിയത്.
വധശിക്ഷ നൽകുന്നതിനെ ഒരു ജഡ്‌ജി എതിർത്താൽ അതാണ് നടപ്പിലാക്കേണ്ടതെന്ന് മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര വാദിച്ചു. ഈ വാദം നിലവിലുള്ള നിയമവ്യവസ്ഥയ്‌ക്കും കീഴ്‌വഴക്കങ്ങൾക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ആദ്യം പുറപ്പെടുവിച്ച വിധിയിൽ ഉറച്ചു നിൽക്കുന്നെങ്കിലും പുനഃപരിശോധന ഹർജി തള്ളുന്നതിന് ജസ്‌റ്റിസുമാരായ രോഹിന്റൺ നരിമാനും സൂര്യകാന്തും ചൂണ്ടിക്കാട്ടിയ കാരണങ്ങളോട് പൂർണ്ണമായി യോജിക്കുന്നെന്ന് ജസ്‌റ്റിസ് സഞ്ജയ് ഖന്നയും ഉത്തരവിൽ വ്യക്തമാക്കി.