gureshi-

ന്യൂഡൽഹി: ബോംബെ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ.എ ഖുറേഷിയെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിനുള്ള സുപ്രീംകോടതി കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചതായി റിപ്പോർട്ട്. ഉത്തരവ് ഉടൻപുറത്തിറങ്ങിയേക്കും.

ഈ വര്‍ഷം മേയില്‍ മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഖുറേഷിയെ നിയമിക്കാനുള്ള കൊളിജീയം ശുപാർശ എതിർപ്പുന്നയിച്ച് കേന്ദ്രസർക്കാർ മടക്കിയിരുന്നു. തുടർന്നാണ് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാർശ നൽകിയത്.

ഖുറേഷിയുടെ നിയമനത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കാൻ വൈകുന്നത് ചോദ്യം ചെയത് ഗുജറാത്ത് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയാണ്.

കഴിഞ്ഞദിവസം ഈ ഹർജി പരിഗണിച്ചപ്പോൾ ഭരണപരമായ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ന് വിഷയം വീണ്ടും പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് ഹർജി ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ ബെഞ്ചിന് കൈമാറി.