സരയൂ തീരത്ത് അയോദ്ധ്യയിലാണ് ശ്രീരാമൻ ജനിച്ചതെന്നാണ് ഹിന്ദുമതവിശ്വാസം. അയോദ്ധ്യയിൽ രാമൻ ജനിച്ച സ്ഥലത്തുണ്ടായിരുന്ന പുരാതന ക്ഷേത്രം തകർത്താണ് 1528ൽ മുഗൾ ഭരണാധികാരി ബാബർ മസ്ജിദ് നിർമ്മിച്ചതെന്നാണ് ഹിന്ദുകക്ഷികളുടെ വാദം. 1992 ഡിസംബർ ആറിന് കർസേവകർ ബാബ്റി പള്ളി തകർത്തു. ബാബ്റി പള്ളിയുടെയും അതിനു ചുറ്റമുള്ള 2.77 ഏക്കർ ഭൂമിയുടെയും യഥാർത്ഥ അവകാശികൾ ആര് എന്നതായിരുന്നു കേസിലെ സുപ്രധാന ചോദ്യം
ക്ഷേത്രം നിലനിന്ന സ്ഥലത്താണ് പള്ളിയെന്ന അവകാശവാദം 1822ൽ ഉയർന്നുവന്നു. ഇത് ഫൈസാബാദ് കോടതി തള്ളി. 1949ൽ ബാബ്റി പള്ളിയിൽ ചില ഹൈന്ദവസംഘടനാ പ്രവർത്തകർ രാമന്റെ പ്രതിഷ്ഠ സ്ഥാപിച്ചത് സാമുദായിക വിഷയമായതോടെ പള്ളി, അധികൃതർ ഏറ്റെടുത്ത് റീസവർ ഭരണത്തിലാക്കി.
പ്രധാന കക്ഷികൾ
ഉത്തർപ്രദേശ് സുന്നി സെൻട്രൽ ബോർഡ്, രാം ലല്ല, നിർമോഹി അഖാഡ എന്നിവരായിരുന്നു പ്രധാന കക്ഷികൾ. കേസുമായി ബന്ധപ്പെട്ട് ആദ്യമായി നാലു ഹർജികൾ സമർപ്പിക്കപ്പെട്ടത് 1950 നും 1962 നുമിടയിലാണ്. രണ്ട് വിശ്വാസികളാണ് ആദ്യം കോടതിയെ സമീപിച്ചത്. 1959ൽ നിർമോഹി അഖാഡ കോടതിയിലെത്തി. 1961ൽ യു.പി സുന്നിവഖഫ് ബോർഡും അയോദ്ധ്യയിൽ താമസക്കാരായ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള എട്ടുപേരും യു.പി ജമിയത്ത് ഉലമ ഹിന്ദും ഹർജി നൽകി. 1989 ലാണ് രാംലല്ല കക്ഷിയാവുന്നത്. മുൻ ഹൈക്കോടതി ജഡ്ജ് ഡി.എൻ അഗർവാളാണ് രാമനെ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചത്.
തർക്കം കോടതിയിൽ
1885 - 86
ബാബ്റി മസ്ജിദിനോട് ചേർന്നുള്ള ഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാനുള്ള ഹർജി ഫൈസാബാദ് സബ് ജഡ്ജും ജില്ലാ ജഡ്ജും തള്ളി. മഹന്ത് രഘുബർദാസ് ആയിരുന്നു ഹർജിക്കാരൻ
1949 - ഡിസംബർ 22 -23
രാമന്റെ പ്രതിഷ്ഠയും മറ്റും ബാബ്റി പള്ളിയുടെ പ്രധാന താഴിക്കുടത്തിനടിയിൽ 'പ്രത്യക്ഷപ്പെട്ടു'.
1950- പള്ളിയിൽ നിന്ന് രാമ പ്രതിഷ്ഠ നീക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപാൽ വിശാരദ് ഫൈസാബാദ് കോടതിയിൽ ഹർജി നൽകി
1959 - നടുമുറ്റവും മുൻമുറ്റവുമടക്കം മുഴുവൻ ഭൂമിയ്ക്കും അവകാവാദമുന്നയിച്ച് നിർമോഹി അഖാഡ കോടതിയെ സമീപിച്ചു
1961- സ്ഥലത്തിന് അവകാശവാദമുന്നയിച്ച് യു.പി സെൻട്രൽ വഖഫ് ബോർഡും 9 മുസ്ലിം വിശ്വാസികളും ഹർജി നൽകി
1986 - രാംലല്ല പ്രതിഷ്ഠയിൽ ആരാധനയ്ക്ക് ഹിന്ദുക്കൾക്ക് പ്രവേശിക്കാൻ ഫൈസാബാദ് ജില്ലാ ജഡ്ജ് ഉത്തരവിട്ടു
1989 - സ്ഥലത്തിന് അവകാശവാദമുന്നയിച്ച രാംലല്ല അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു
2010- അലഹാബാദ് ഹൈക്കോടതി തർക്കഭൂമി രാംലല്ല,നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നിവയ്ക്ക് മൂന്നായി വിഭജിച്ചു.
2019 ഒക്ടോബർ 16- 40 ദിവസത്തെ നീണ്ട വാദത്തിന് ശേഷം കേസ് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറയാൻ മാറ്റി
ആർക്കിയോളജി സർവേ ഒഫ് ഇന്ത്യ
പള്ളി നിന്ന സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നുവെന്ന റിപ്പോർട്ടാണ് അയോദ്ധ്യയിൽ ഖനനം നടത്തിയ ആർക്കിയോളജി സർവേ ഒഫ് ഇന്ത്യ 2003ൽ ഹൈക്കോടതിയിൽ നൽകിയത്. പള്ളി നിന്നതിന് കൃത്യം അടിയിൽ വലിയൊരു കെട്ടിടമുണ്ടായിരുന്നതിന് തെളിവുണ്ടെ്. ഖനനത്തിൽ ലഭിച്ച ചുമരുകളുടെയും തൂണുകളുടെയും അവിശിഷ്ടങ്ങൾ കെട്ടിടം ക്ഷേത്രമാണെന്ന് സൂചിപ്പിക്കുന്നുണ്ട്. അതേസമയം ആർക്കിയോളജി സർവേയുടെ ഈ റിപ്പോർട്ടിനെ ഖനനത്തിൽ പങ്കെടുത്തവരിൽ ഒരു വിഭാഗം തന്നെ എതിർത്തിട്ടുണ്ട്.
2010ലെ ഹൈക്കോടതി വിധി
തർക്കമുള്ള 2.77 ഏക്കർ ഭൂമി മൂന്നുകക്ഷികൾക്കുമായി വിഭജിച്ചായിരുന്നു അലഹബാദ് ഹൈക്കോടതിയിലെ
ജസ്റ്റിസ് എസ്.യു ഖാൻ, ജസ്റ്റിസ് സുധീർ അഗർവാൾ, ജസ്റ്റിസ് ഡി.വി ശർമ്മ എന്നിവരുടെ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി.പ്രധാന താഴികക്കുടം നിന്ന നടുമുറ്റം രാം ലല്ലയ്ക്കും രാമ ചബുത്രയും സീതാ രസോയിയുമുള്ള സ്ഥലം നിർമോഹി അഖാഡയ്ക്കുമാണ് ലഭിച്ചത്.