ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് പിന്നാലെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, മക്കളായ രാഹുൽ, പ്രിയങ്ക എന്നിവരുടെയും എസ്.പി.ജി സുരക്ഷ പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. സി.ആർ.പി.എഫിന്റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഇനി ഇവർക്ക് നൽകിയാൽ മതിയെന്നാണ് തീരുമാനം. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാകും എസ്.പി.ജി സുരക്ഷ.
എസ്.പി.ജിയെ അറിയിക്കാതെ രാജ്യത്തിനകത്തും പുറത്തുമായി നെഹ്റു കുടുംബം നടത്തുന്ന യാത്ര കാരണമാണ് സുരക്ഷ പിൻവലിച്ചതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കുടുംബാംഗങ്ങൾ നടത്തുന്ന യാത്ര അവസാന നിമിഷമാണ് എസ്.പി.ജിയെ അറിയിക്കുന്നത്. അതിനാൽ സുരക്ഷയൊരുക്കുന്നത് പലപ്പോഴും തലവേദനയാണ്.
2015നും 2019 മേയ് മാസത്തിനുമിടയിൽ രാഹുൽ ബുള്ളറ്റ് പ്രൂഫിന്റെ സഹായമില്ലാതെ 1,892 തവണ ഡൽഹിയിലും 247 തവണ ഡൽഹിക്ക് പുറത്തും യാത്രകൾ നടത്തി. സോണിയാ ഗാന്ധി ഇതേ കാലയളവിൽ ഡൽഹിയിൽ 50 തവണ സുരക്ഷ ഇല്ലാതെ യാത്ര ചെയ്തു. പ്രിയങ്ക 339 തവണ ഡൽഹിയിലും 64 തവണ ഡൽഹിക്ക് പുറത്തും ഇത്തരത്തിൽ യാത്ര നടത്തിയെന്നും കേന്ദ്രം ആരോപിക്കുന്നു.
1984ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിന് ശേഷമാണ് എസ്.പി.ജി സുരക്ഷാ രീതി ഏർപ്പെടുത്തിത്തുടങ്ങിയത്. തുടക്കത്തിൽ പ്രധാനമന്ത്രിക്ക് മാത്രമായിരുന്നു എസ്.പി.ജി സുരക്ഷയെങ്കിലും 1991ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ മുൻ പ്രധാനമന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും നൽകിത്തുടങ്ങി.
എസ്.പി.ജി സംരക്ഷണം
പ്രത്യേക പരിശീലനം ലഭിച്ച സായുധ സേനയാണ് സ്‌പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്.പി.ജി). ഈ സുരക്ഷയുള്ളവർ പൊതു ചടങ്ങുകളിലും മറ്റും പങ്കെടുക്കുമ്പോൾ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി), ഡൽഹി പൊലീസ് വിഭാഗങ്ങളും സംരക്ഷണത്തിനുണ്ടാകും. ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്നവർക്കൊപ്പം എൻ.എസ്.ജി കമാൻഡോകളും സി.ആർ.പി.എഫ് ജവാന്മാരുമാണുണ്ടാവുക.
പ്രതിഷേധിച്ച് കോൺഗ്രസ്
നെഹ്‌റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ എടുത്തു മാറ്റിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായത്. അഭ്യന്തരമന്ത്രി അമിത് ഷായുടെ ഡൽഹിയിലെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു. വ്യക്തിവിരോധം തീർക്കുകയാണ് ബി.ജെ.പിയെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആരോപിച്ചു.