
എഴുപത് വർഷത്തോളമായി രാജ്യം ചർച്ച ചെയ്യുന്ന അയോദ്ധ്യാ കേസിലെ അന്തിമ വിധിക്കൊപ്പം പ്രധാനമാണ് ആ വിധിക്കു പിന്നിലെ ന്യായാധിപന്മാർ. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഉൾപ്പെടെ അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് മുൻപാകെ ഈ വർഷം ആഗസ്റ്റ് അറിനാണ് അയോദ്ധ്യ കേസിൽ അന്തിമ വാദം ആരംഭിച്ചത്. തുടർച്ചയായി 40 ദിവസത്തെ വാദം കേൾക്കൽ. ഒടുവിൽ ഇന്നലെ ബെഞ്ചിന്റെ ഏകകണ്ഠ വിധി. എസ്.എ. ബോബ്ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്. അബ്ദുൾ നസീർ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജസ്റ്റിസുമാർ.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്
രാജ്യത്തെ നാൽപത്തിയാറാമത് ചീഫ് ജസ്റ്റിസ്. മുൻ അസം മുഖ്യമന്ത്രി കേശവ് ചന്ദ്ര ഗോഗോയിയുടെ പുത്രൻ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസ്. 1978ൽ അഭിഭാഷകവൃത്തി തുടങ്ങി. 2012 ഏപ്രിൽ 23 ന് സുപ്രീം കോടതിയിലെത്തി. 2018 ജനുവരിയിൽ കേസുകൾ വീതം വയ്ക്കുന്നതിൽ അനീതിയുണ്ട് എന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വാർത്താസമ്മേളനം വിളിച്ച നാല് ജഡ്ജിമാരിൽ ഒരാൾ. കാലാവധി നവംബർ 17വരെ.
ജസ്റ്റിസ് എസ്.എ. ബോബ്ഡെ
സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്‌ജി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്‌ക്കു ശേഷം ചീഫ് ജസ്റ്റിസ്.
മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശി.1978 ൽ മഹാരാഷ്ട്ര ബാർ കൗൺസിലിൽ എൻറോൾ ചെയ്തു. 2013 ഏപ്രിൽ 12ന് സുപ്രീംകോടതി ജഡ്‌ജിയായി. മുൻ ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്ക് ക്ലിൻചിറ്റ് നൽകിയ മൂന്നംഗ സമിതിയുടെ അദ്ധ്യക്ഷൻ. മഹാരാഷ്ട്ര ദേശീയ നിയമ സർവകലാശാലയുടെ ചാൻസലർ. കാലാവധി 2021 ഏപ്രിൽ 23 വരെ.
ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ്
പതിനാറാമത് ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ വി. ചന്ദ്രചൂഡിന്റെ പുത്രൻ. മഹാരാഷ്ട്ര സ്വദേശി. 2016 മേയ് മുതൽ സുപ്രീം കോടതിയിൽ. നേരത്തെ ബോംബെ, അലഹബാദ് ഹൈക്കോടതികളിൽ. ശ്രദ്ധേയമായ നിരവധി വിധികൾ പുറപ്പെടുവിച്ചു സ്വകാര്യതയെക്കുറിച്ചുള്ള സുപ്രീംകോടതി വിധി പുറപ്പെടുവിച്ച ബെഞ്ചിൽ അംഗം. 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന വിധിക്കു പിന്നിലും ജസ്റ്റിസ് ചന്ദ്രചൂഡ് ആയിരുന്നു.
ജസ്റ്റിസ് അശോക് ഭൂഷൻ
1979 ൽ അലഹബാദ് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. ഉത്തർപ്രദേശ് സ്വദേശി . 2001 ഏപ്രിലിൽ അവിടെ ജഡ്ജിയായി. 2014 ജൂലായ് മുതൽ കേരള ഹൈക്കോടതിയിൽ. പിന്നീട് കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്. 2015 മാർച്ച് മുതൽ ചീഫ് ജസ്റ്റിസ്. 2016 മെയ് 13 മുതൽ സുപ്രീം കോടതിയിൽ.
ജസ്റ്റിസ് അബ്ദുൽ നസീർ
1983 മുതൽ കർണാടക ഹൈക്കോടതിയിൽ ഔദ്യോഗിക ജീവിതം. കർണാടക സ്വദേശി . 2003 ഫെബ്രുവരി മുതൽ അവിടെത്തന്നെ അഡി. ജഡ്‌ജ്. താമസിയാതെ സ്ഥിരം ജഡ്‌ജി. 2017 ഫെബ്രുവരി 17 ന് സുപ്രീം കോടതിയിൽ നിയമിതനായി. മുത്ത്വലാഖ് കേസിൽ ജസ്റ്റിസ് ജെ എസ്. ഖെഹാറിനൊടൊപ്പം ന്യൂനപക്ഷ വിധി എഴുതി. മുത്തലാഖ് ലിംഗനീതി ഉറപ്പുവരുത്തുന്നില്ലെങ്കിലും ഭരണഘടനാ വിരുദ്ധമല്ലെന്നായിരുന്നു ഇരുവരും അഭിപ്രായപ്പെട്ടത്.