ayodhya-
AYODHYA

അയോദ്ധ്യ: രാജസ്ഥാനിൽ നിന്നു കൊണ്ടുവന്ന ചെങ്കല്ലുകളിൽ ദൈവീകഭാവങ്ങൾ കൊത്തിയെടുക്കുന്ന അയോദ്ധ്യയിലെ കർസേവകപുരത്തെ 'കാര്യശാല' സുപ്രീംകോടതി വിധിയെ ആഹ്ളാദത്തോടെയാണ് ശ്രവിച്ചത്. രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടിയുള്ള കൽത്തൂണുകളിൽ ഇവിടെ 19 വർഷമായി കൊത്തുപണി നടക്കുന്നു. തർക്ക സ്ഥലത്തു നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കർസേവകപുരത്തിന്റെ നിയന്ത്രണം രാമജന്മഭൂമി ന്യാസിനാണ്.

വിധി വരുന്നത് കണക്കിലെടുത്ത് കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം കർസേവകപുരം രണ്ടു ദിവസമായി നിശബ്ദമായിരുന്നു. ക്ഷേത്ര നിർമ്മാണം ഉടൻ തുടങ്ങുമെന്ന് ഉറപ്പായതിനാൽ കൊത്തുപണികൾ തീർത്ത് അടുക്കിവച്ചിരുന്ന തൂണുകൾ കഴുകിവൃത്തിയാക്കുന്ന ജോലികൾ ഉടൻ തുടങ്ങും. 90കളിൽ കൊത്തിയെടുത്ത തൂണുകൾ പലതും വർഷങ്ങളായി മഴയും വെയിലുമേറ്റ് കറുത്തിട്ടുണ്ട്.

രാമജന്മഭൂമി പ്രക്ഷോഭം ശക്തിപ്പെട്ട 80കളുടെ അവസാനത്തിലാണ് വിശ്വഹിന്ദു പരിഷത്ത് അയോദ്ധ്യയിലും രാജസ്ഥാനിലെ പിന്ത്‌വാരയിലും 'മന്ദിർ നിർമ്മാണ കാര്യശാലകൾ' തുടങ്ങിയത്. 1989ലെ രാമജന്മഭൂമി പ്രക്ഷോഭ സമയത്ത് പത്ത് ഏക്കർ സ്ഥലത്ത് കർസേവകരുടെ ക്യാമ്പായിരുന്നു ഇവിടം. ഇതാണ് പിന്നീട് കർസേവകപുരം എന്നറിയപ്പെട്ടത്.

കല്ലുകൾ മുറിക്കാൻ രണ്ട് കൂറ്റൻ കട്ടറുകളും കൊത്തുപണികൾക്ക് വലിയൊരു ഷെഡ്ഡും ഇവിടെയുണ്ട്. പണിക്കാർക്ക് താമസ സൗകര്യവുമുണ്ട്. തൊട്ടടുത്ത് ചെറിയൊരു കെട്ടിടത്തിൽ രാമജന്മ ക്ഷേത്രത്തിന്റെ മരത്തടിയിൽ തീർത്ത മാതൃക കണ്ണാടിക്കൂട്ടിൽ സൂക്ഷിച്ചിരിക്കുന്നു. ഇതിന് സമീപം ക്ഷേത്ര നിർമ്മാണത്തിന് സംഭാവന സ്വീകരിക്കുന്ന കൗണ്ടർ. ഭിത്തി കെട്ടാനുള്ള ഇഷ്‌‌ടികകൾ ശ്രീരാമനാമം കൊത്തിയവയാണ്.

90കളിൽ കർസേവകപുരത്ത് പണി തകൃതിയായിരുന്നു. രാജസ്ഥാനിൽ നിന്ന് കൂറ്റൻ ചെങ്കല്ലുകളുമായി ട്രക്കുകൾ നിരനിരയായി വന്നു. 1.25 ലക്ഷം ക്യൂബിക് അടി കല്ലുകളാണ് എത്തിച്ചത്. ആകെ 1,75,000 ക്യൂബിക് അടി കല്ലുകളാണ് വേണ്ടത്. 70 ശതമാനം കല്ലുകളും തയ്യാറാക്കിയെന്നും ക്ഷേത്ര നിർമ്മാണത്തിന് പച്ചക്കൊടി കിട്ടിയാൽ അവ പെട്ടെന്ന് കൂട്ടിയോജിപ്പിക്കാൻ കഴിയുമെന്നും ശില്പികൾ പറയുന്നു. അയോദ്ധ്യ സന്ദർശിക്കുന്ന തീർത്ഥാടകരും വിനോദ സഞ്ചാരികളും കർസേവകപുരത്തെ ഒരുക്കങ്ങൾ കാണാതെ മടങ്ങാറില്ല. അവർക്കു വേണ്ടി ശില്പികൾ കല്ലുകളിൽ കൊത്തുപണികൾ നടത്തിക്കാണിക്കും.

സുപ്രീംകോടതി ഉത്തരവു പ്രകാരം കേന്ദ്ര സർക്കാർ നിയമിക്കുന്ന ട്രസ്‌റ്റിന്റെ കൂടി ഇടപെടലിനെ ആശ്രയിച്ചിരിക്കും 'കാര്യശാല'യുടെ ഭാവി.

212 തൂണുകളിൽ ക്ഷേത്രം

വിശ്വഹിന്ദു പരിഷത്ത് തയ്യാറാക്കിയ പ്ളാൻ പ്രകാരം നിർദിഷ്‌ട രാമക്ഷേത്രത്തിന് 268 അടി നീളവും 140 അടി വീതിയും തറനിരപ്പിൽ നിന്ന് 128 അടി ഉയരവുമുണ്ടാകും (ഉയരം പ്രധാന മകുടത്തിന്റെ മുകൾ ഭാഗം അടക്കം). രണ്ടു നില ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം കൊത്തുപണികളുള്ള 212 തൂണുകളാണ്. ഒാരോ നിലയിലും 106 തൂണുകൾ വീതം. ഒാരോ തൂണിലും കൊത്തിയെടുത്ത 16 രൂപങ്ങൾ. മൂന്നടി മുതൽ 17 അടി വരെ ഉയരമുള്ള തൂണുകളാണിവ.