ന്യൂഡൽഹി: ചരിത്രവിധി പ്രഖ്യാപനമുണ്ടായപ്പോൾ ഇന്നലെ സുപ്രീംകോടതി സാക്ഷ്യം വഹിച്ചത് ഇതുവരെ കാണാത്ത നാടകീയ രംഗങ്ങൾക്കായിരുന്നു.ശംഖുമുഴക്കിയും മുദ്യാവാക്യം വിളിച്ചുമാണ് വിവിധ കക്ഷികൾ വിധിയെ സ്വീകരിച്ചത്.അയോദ്ധ്യ ഭൂമിയെപ്പോലെ തന്നെ അതീവ സുരക്ഷയിലായിരുന്നു സുപ്രീംകോടതിയും പരിസരവും.കോടതിയിലേക്കുള്ള റോഡുകളെല്ലാം അടച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാക്കി.ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരുടെയെല്ലാം വസതികളിലും സുരക്ഷ ശക്തമാക്കിയിരുന്നു ഇന്നലെ അതിരാവിലെ തന്നെ മാദ്ധ്യമങ്ങളും വിവിധ കക്ഷികളും അഭിഷാഭകരും കൊണ്ട് കോടതി പരിസരം നിറഞ്ഞു.പതിവിലും നേരത്ത ഏഴരയോടെ എത്തിയ രജിസ്ട്രാർ കോടതി ഗേറ്റ് മാദ്ധ്യമപ്രവർത്തകർക്ക് തുറന്നു കൊടുത്തു.മുദ്രാവാക്യം വിളികളോടെയാണ് കക്ഷികൾ വിധി കേൾക്കാനായി കോടതിയിൽ പ്രവേശിച്ചത്.ശേഷം ആകാംക്ഷയുടെ നിമിഷങ്ങൾ.
രാവിലെ 10 27
ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും ഒന്നാം നമ്പർ കോടതിയിൽ എത്തി. തിങ്ങി നിറഞ്ഞ ശബ്ദമുഖരിതമായ കോടതി മുറിയിൽ മൗനം പാലിക്കണമെന്ന് ചീഫ് ജസ്റ്റിസിന്റെ മുന്നറിയിപ്പ്. ഇതോടെ കോടതിമുറി ശാന്തം. വിധിയുടെ പ്രസക്ത ഭാഗം വായിക്കാൻ അരമണിക്കൂർ വേണമെന്ന് ചീഫ് ജസ്റ്റിസ്.
വിധി സഹജഡ്ജിമാർക്ക് ഒപ്പുവയ്ക്കാൻ കൈമാറിയ ശേഷം ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചു. വിധി ഏകകണ്ഠം. തർക്ക ഭൂമിയിൽ അവകാശം ഉന്നയിച്ചുള്ള ഷിയ വഖഫ് ബോർഡിന്റെ ഹർജി തള്ളിക്കൊണ്ടുള്ള വിധിക്ക് ശേഷം പ്രധാന വിധിയിലേക്ക്.
11.10 ന്
1045 പേജുള്ള വിധിയിലെ പ്രധാന ഭാഗം വായിച്ചു തീർത്തതോടെ അയോദ്ധ്യയിലെ ചിത്രം വ്യക്തമായി.
വിധി സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് എത്തിക്കൊണ്ടിരിക്കുന്ന മുറയ്ക്ക് ആഹ്ലാദപ്രകടനം തുടങ്ങി
അന്തിമ വിധി എത്തിയതോടെ സുപ്രീംകോടതി വളപ്പ് 'ജയ് ശ്രീം റാം' വിളികളാൽ മുഖരിതമായി. ഹിന്ദു മഹാസഭ അടക്കമുള്ള കക്ഷികളാണ് ഇതിന് നേതൃത്വം നൽകിയത്. കോടതി വളപ്പിൽ ചില കക്ഷികൾ ശംഖുമുഴക്കുകയും ചെയ്തു.വിധിയെ അനുകൂലിച്ച ചില അഭിഭാഷകർ കൊടികൾ ഉയർത്തിക്കാട്ടി. ഏകദേശം ഒരുമണിക്കൂറോളം ആഹ്ലാദ പ്രകടനം തുടർന്നു.