മുസ്ളിങ്ങൾക്ക് അയോദ്ധ്യയിൽ 5 ഏക്കർ വിധി അംഗീകരിച്ച് രാജ്യം
ന്യൂഡൽഹി: നൂറ്റാണ്ടുകളായുള്ള തർക്കം തീർത്ത് അയോദ്ധ്യാ കേസിൽ സുപ്രീംകോടതി ചരിത്രപരമായ വിധി പ്രസ്താവിച്ചു. തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം നിർമ്മിക്കാം. കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിനാവും ഇതിന്റെ ചുമതല. അതേസമയം ബാബ്റി പള്ളി കർസേവകർ തകർത്തത് ഗുരുതരമായ നിയമലംഘനമെന്ന് നിരീക്ഷിച്ച കോടതി നഷ്ടപരിഹാരമായി അയോദ്ധ്യയിൽ തന്നെ പ്രധാന സ്ഥലത്ത് പള്ളി നിർമ്മിക്കാൻ സുന്നി വഖഫ് ബോർഡിന് 5 ഏക്കർ സ്ഥലം നൽകാനും ഉത്തരവിട്ടു. വിധി ഏകകണ്ഠമാണെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അദ്ധ്യക്ഷനായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങൾ. അലഹബാദ് ഹൈക്കോടതിയുടെ 2010-ലെ വിധിയാണ് സുപ്രധാന വിധിയിലൂടെ റദ്ദാക്കിയത്.
വിധിയിലെ സുപ്രധാന നിർദ്ദേശങ്ങൾ
∙ മൂന്നുമാസത്തിനുള്ളിൽ കേന്ദ്രം ട്രസ്റ്റ് രൂപീകരിക്കണം.
നടുമുറ്റവും മുൻമുറ്റവുമടക്കം തർക്കമുള്ള 2.77 ഏക്കറും കേന്ദ്രം ഏറ്റെടുത്ത 67.703 ഏക്കറും ട്രസ്റ്റിന് കൈമാറണം.
ട്രസ്റ്റിനു കൈമാറുന്നതുവരെ റിസീവർ ഭരണത്തിൽ തുടരും
അയോദ്ധ്യയിൽ തന്നെ സുന്നി വഖഫ് ബോർഡിന് 5 ഏക്കർ ഭൂമി നൽകണം.
കേന്ദ്രം ഏറ്റെടുത്ത ഭൂമിയിൽ നിന്നോ യു.പി സർക്കാരിന്റെ ഭൂമിയിൽ നിന്നോ സ്ഥലം നൽകാം
ട്രസ്റ്റിന് തർക്കഭൂമി കൈമാറുമ്പോൾ തന്നെ വഖഫ് ബോർഡിനും ഭൂമി നൽകണം
ഈ ഭൂമിയിൽ പള്ളിയുണ്ടാക്കാൻ വഖഫ് ബോർഡിന് സ്വതന്ത്ര അധികാരം
കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിൽ നിർമോഹി അഖാഡയ്ക്കും പ്രാതിനിദ്ധ്യം നൽകണം