ayodhya
ayodhya case, supreme court, chief justice

ന്യൂഡൽഹി: അയോദ്ധ്യയിൽ നൂറ്റാണ്ടുകളായി ഇരു മതവിഭാഗങ്ങൾ തമ്മിലുണ്ടായിരുന്ന തർക്കം തീർപ്പാക്കി 1045 പേജുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചെങ്കിലും ആരാണ് വിധിയെഴുതിയതെന്ന് ഉത്തരവിൽ ഇല്ല. ഇത് അസാധാരണമാണ്. വിധിയെഴുതിയ ജഡ്ജിയുടെ പേര് ഉത്തരവിൽ രേഖപ്പെടുത്തുന്നതാണ് കീഴ്‌വഴക്കം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക്ഭൂഷൺ, എസ്.എ. നസീർ എന്നിവരുടെ ബെഞ്ചാണ് നാൽപ്പത് ദിവസം വാദം കേട്ട് വിധി പറഞ്ഞത്. ബാബ്റി പള്ളിയുള്ളിടത്താണ് രാമജന്മഭൂമിയെന്ന ഹിന്ദുക്കളുടെ വിശ്വാസം അംഗീകരിക്കുന്നതിന് ബെഞ്ചിലെ ഒരു ജഡ്ജ് വ്യത്യസ്തമായ മറ്റൊരു കാരണം ചൂണ്ടിക്കാട്ടിയെന്ന് വിധിയിൽ പറയുന്നുണ്ട്. 116 പേജുള്ള ഇത് കൂടി വിധിയുടെ അനുബന്ധമായി കൊടുത്തിട്ടുണ്ടെങ്കിലും അതിലും എഴുതിയ ജഡ്ജിൻറെ പേരില്ല. ഇതുപോലെ ഇത്രയും സുപ്രധാന കേസുകളിൽ വിധിയെഴുതിയ ജഡ്ജിൻറെ പേരില്ലാതെ പുറത്തിറങ്ങുന്നത് സുപ്രീംകോടതിയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.

തിങ്ങിനിറഞ്ഞ കോടതിമുറിയിൽ ചീഫ്ജസ്റ്റിസ് രഞ്ജൻഗൊഗോയിയാണ് രാവിലെ 10.30ന് വിധി പ്രസ്താവം നടത്തിയത്. സുപ്രധാന ഭാഗങ്ങൾ അദ്ദേഹം അരമണിക്കൂറോളം വായിക്കുകയായിരുന്നു. കനത്ത സുരക്ഷയിൽ അവധി ദിവസമായ ശനിയാഴ്ച അസാധാരണ സിറ്റിംഗ് നടത്തിയാണ്

സുപ്രീംകോടതി വിധിപറഞ്ഞതും.