ന്യൂഡൽഹി: ഹിന്ദുമത വിശ്വാസത്തിന് അടിസ്ഥാനമായ ലിഖിതങ്ങളും പുരാണങ്ങളും ബ്രിട്ടീഷ് ഭരണകാലത്തിറങ്ങിയ ഗസറ്റുകളും ചരിത്ര പുസ്‌തകങ്ങളും രാമജന്മഭൂമിയെക്കുറിച്ച് വ്യക്തമായ സൂചന നൽകുന്നുവെന്ന് അയോദ്ധായാ കേസിലെ സുപ്രീംകോടതി വിധി ന്യായത്തിൽ പറയുന്നു. ഹിന്ദു കക്ഷികളുടെ ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് രാമജന്മഭൂമിയിലാണ് പള്ളി നിലനിന്നതെന്ന നിഗമനത്തിൽ കോടതി എത്തിച്ചേർന്നത്.
വിക്രമാദിത്യ രാജാവ് രാമജന്മഭൂമിയിൽ പണിത ക്ഷേത്രം തകർത്താണ് 1528 ൽ മുഗൾ ചക്രവർത്തി ബാബറിന്റെ മന്ത്രി മുഹമ്മദ് ബിർ ബഖ്വി നിർമ്മിച്ചതെന്ന വാദം സുപ്രീംകോടതി അംഗീകരിച്ചു. ക്ഷേത്രം തകർത്തെങ്കിലും ഹിന്ദുക്കൾ അവിടെ തുടർന്നും ആരാധന നടത്തിയതും തർക്കസ്ഥലത്തുണ്ടായിരുന്ന സീതാ രസോയി, രാം ചബൂത്ര എന്നിവയും രാമജന്മഭൂമി എന്ന വാദത്തിന് ബലം നൽകുന്നുവെന്ന് കോടതി കണ്ടെത്തി. പിന്നീട് പള്ളിയും ചബൂത്രവും ഇരുമ്പ് ഭിത്തിയാൽ വിഭജിച്ചെങ്കിലും രാമജന്മഭൂമിയിലെ വിശ്വാസം ഇല്ലാതാകുന്നില്ല.
പുരാണങ്ങളും ഇന്ത്യയിലെ ക്ഷേത്രങ്ങളെക്കുറിച്ച് പരാമർശിക്കുന്ന 1838ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ഗസറ്റും ക്ഷേത്രം പൊളിച്ച് പള്ളി പണിതായി പരാമർശിക്കുന്ന മിർ സാജാൻ എഴുതിയ 1856ലെ ഹാദിത്ത് ഇസെബ എന്ന പുസ്‌കവും കോടതി തെളിവായി പരിഗണിച്ചു. ബ്രിട്ടീഷ് രേഖകളിൽ ബാബറി പള്ളിയെക്കുറിച്ച് പരാമർശിക്കുമ്പോൾ 'മോസ്‌ക് ജൻമസ്ഥാൻ' എന്നു സൂചിപ്പിച്ചതും കോടതി കണക്കിലെടുത്തു. സ്കന്ദ പുരാണത്തിലെ അയോദ്ധ്യാ മഹാത്മ്യത്തിൽ ലോമേശ മുനിയുടെ ആശ്രമത്തിന് പടിഞ്ഞാറായും വിഘ്നേശ്വര ക്ഷേത്രത്തിന് കിഴക്കായും വസിഷ്‌ഠ മുനി ആശ്രമത്തിന്റെ വടക്കായുമാണ് രാമജന്മസ്ഥാനമെന്ന് പറയുന്നു.
1901-02 കാലത്ത് എഡ്വേർഡ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ സ്കന്ദപുരാണത്തിൽ പറയുന്ന ലോമേശ മുനിയുടെ ആശ്രമത്തിന്റെ അതിരിൽ കല്ലിട്ടെന്ന മൊഴിയുണ്ടെന്നും വിധിയിൽ പറയുന്നു. ഈ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയാണ് ഹിന്ദുക്കൾ രാമജന്മഭൂമിയായി അയോധ്യയിൽ ആരാധന നടത്തുന്നത്.
ഹിന്ദു കക്ഷികൾ വാദിച്ചത്:
ഹിന്ദു കക്ഷികളുടെ അഭിഭാഷകരായ കെ.പരാശരൻ, സി.എസ്. വൈദ്യനാഥൻ, പി. എസ്. നർസിംഹ, പി. എൻ. മിശ്ര എന്നിവർ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് അയോദ്ധ്യ രാമന്റെ ജന്മസ്ഥലമാണെന്ന വാദങ്ങൾ നിരത്തിയത്. വാൽമീകി രാമായണം, സ്‌കന്ദ പുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിലെ പരാമർശങ്ങളും വാദമുഖങ്ങളിൽ വന്നു. സ്‌കന്ദപുരാണത്തിൽ രാമജന്മഭൂമിയെക്കുറിച്ച് പരാമർശിക്കുന്ന സ്ഥലങ്ങൾ അയോദ്ധ്യയിൽ ഇപ്പോഴുമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ക്രിസ്‌തുവിനു മുൻപ് മുതൽ തന്നെ അയോദ്ധ്യ രാമജൻഭൂമിയെന്ന വിശ്വാസത്തിൽ ജനങ്ങൾ ആരാധിച്ചിരുന്നു. ചരിത്ര സഞ്ചാരികളുടെ രേഖകളും പ്രസിദ്ധീകരിക്കപ്പെട്ട ചരിത്ര രേഖകളും വിശ്വാസം ഉറപ്പിക്കുന്നു. പ്രസിദ്ധീകരിക്കപ്പെട്ട ചരിത്ര രേഖകൾക്ക് ഇന്ത്യൻ തെളിവ് നിയമപ്രകാരം സാധുതയുണ്ട്.
മുസ്ളിം കക്ഷികളുടെ വാദം:
പള്ളി പണിയുന്ന സമയത്ത് അവിടെ ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നതിന് തെളിവൊന്നുമില്ലെന്നാണ് മുസ്ളീം കക്ഷികൾ വാദിച്ചത്. ഹിന്ദുപുരാണങ്ങളെ തെളിവായി അംഗീകരിക്കാൻ കഴിയില്ലെന്നും രാജീവ് ധവാൻ ചൂണ്ടിക്കാട്ടി. അയോധ്യ കാവ്യ സങ്കൽപത്തിലുള്ള സ്ഥലമാണ്. പ്രാദേശിക വിശ്വാസങ്ങളാണ് ചരിത്ര ഗ്രന്ഥങ്ങൾക്ക് ആധാരം. രാമൻ ജനിച്ചത് അയോധ്യയിലാണെന്ന ഹിന്ദു വിശ്വാസം അംഗീകരിക്കുന്നെങ്കിലും ബാബറി പള്ളി നിന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നുവെന്ന വാദം തള്ളിയാണ് മുസ്ളീം കക്ഷികളുടെ അഭിഭാഷകരായ മുസ്‌താഖ് അഹമ്മദ്, സഫർയബ് ജിലാനി തുടങ്ങിയവർ വാദിച്ചത്.