ന്യൂഡൽഹി:അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധി പൂർണ മനസോടെ സ്വീകരിച്ചത് ജനങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോദ്ധ്യ തർക്കഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധിക്കു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ വിവിധ തുറകളും എല്ലാ മതവിഭാഗങ്ങളും സുപ്രീം കോടതി വിധിയെ സ്വാഗതംചെയ്തു. ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും തലമുറകളായി നിലനിൽക്കുന്ന ഒരുമയുടെയും തെളിവാണ് ഇത്.
വാദം കേൾക്കലിനിടെ സുപ്രീം കോടതി എല്ലാ വിഭാഗങ്ങളുടെയും വാദഗതികൾ ക്ഷമയോടെ പരിഗണിച്ചു. എല്ലാവരുടെയും അംഗീകാരത്തോടെയാണ് കോടതിയുടെ തീരുമാനം വന്നിട്ടുള്ളത് എന്നത് ആഹ്ലാദകരമാണ്. അയോദ്ധ്യ കേസിൽ തുടർച്ചയായി വാദം കേൾക്കണമെന്നത് രാജ്യത്തിന്റെ മുഴുവൻ ആവശ്യമായിരുന്നു. അക്കാര്യം അംഗീകരിക്കപ്പെട്ടതോടെ പതിറ്റാണ്ടുകളായി തുടർന്നുവന്ന കേസിൽ ഒടുവിൽ അന്തിമ തീരുമാനമുണ്ടായി. ഭയത്തിനും വിദ്വേഷത്തിനും നിഷേധാത്മകതയ്ക്കും ആധുനിക ഇന്ത്യയിൽ സ്ഥാനമില്ല.
നവംബർ 9 ഇന്ത്യൻ ചരിത്രത്തിലെ സുവർണാദ്ധ്യായമാകും.ബർലിൻ മതിൽ തകർന്നതിന്റെ വാർഷിക ദിനമായ ഇന്ന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുണ്ട് . കർത്താർപൂർ ഇടനാഴിയുടെ ഉദ്ഘാടനം, വർഷങ്ങളായി ഇന്ത്യ കാത്തിരുന്ന വിധി ഇവയാണ് ഇന്നുണ്ടായത് .
ഇന്ത്യൻ ജനാധിപത്യം എത്രമാത്രം കരുത്തുറ്റതാണെന്ന് ലോകം മനസ്സിലാക്കിയിരിക്കുന്നു. ഇന്ത്യൻ നിയമ ചരിത്രത്തിലെ സുവർണാദ്ധ്യായമാണ് അയോദ്ധ്യാ വിധി. നവ ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയിൽ ആരും വീണുപോകില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇന്ത്യയ്ക്ക് നേരിടാൻ ഇനിയുമേറെ വെല്ലുവിളികളും ലക്ഷ്യങ്ങളുമുണ്ട്. നാം ഒരുമിച്ച് അതു നേടിയെടുക്കും. ഏറ്റവും വിഷമമേറിയ വിഷയങ്ങൾ പോലും തീർപ്പാക്കാൻ സാധിക്കുമെന്നാണ് അയോദ്ധ്യാ വിധി വ്യക്തമാക്കുന്നത്. എല്ലാവരുടെയും വാദം സസൂക്ഷ്മം കേട്ട കോടതി ഐകകണ്‌ഠ്യേനയാണ് വിധി പറഞ്ഞത്. കോടതിയുടെ നിശ്ചയദാർഢ്യത്തെയും ഇച്ഛാശക്തിയെയുമാണ് ഇതു കാണിക്കുന്നത്. അതിനാൽത്തന്നെയാണ് ജഡ്ജിമാരും കോടതികളും നിയമവ്യവസ്ഥയുടെ ഭാഗമായ മറ്റുള്ളവരും അഭിനന്ദനം അർഹിക്കുന്നതെന്നും മോദി പറഞ്ഞു. ഇന്ന് ഈദ് ആഘോഷിക്കുന്ന എല്ലാവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു.