നിയമവശം പരിശോധിക്കുമെന്ന് വ്യക്തിനിയമ ബോർഡ്

ന്യൂഡൽഹി: അയോദ്ധ്യകേസിലെ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹർജിയോ തിരുത്തൽ ഹർജിയോ നൽകില്ലെന്ന് പ്രധാന മുസ്‌ലിം കക്ഷിയായ യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സഫർ ഫാറൂഖി പറഞ്ഞു. വിധി പഠിച്ചശേഷം കൂടുതൽ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിധിയിൽ നിരവധി വൈരുധ്യങ്ങളുണ്ടെന്നും അതുകൊണ്ടു തന്നെ പുനപരിശോധനാ ഹർജി നല്‍കുന്നത് ഉൾപ്പെടെയുള്ള നിയമ വശങ്ങൾ പരിശോധിക്കുമെന്നും സുന്നി വഖഫ് ബോർഡ് അഭിഭാഷകനും മുസ്ലിം വ്യക്തിനിയമ ബോർഡ് സെക്രട്ടറിയുമായ സഫർയാബ് ജിലാനി പറഞ്ഞു. സുപ്രീംകോടതി വിധിയെ മാനിക്കുന്നു. വിധി ആരുടെയും വിജയമോ പരാജയമോ അല്ല. ഒരേ തെളിവ് പള്ളിക്കെതിരെയും ക്ഷേത്രത്തിന് അനുകൂലമായും ഉപയോഗിച്ചു. ഇതൊരു നിയമ പോരാട്ടം മാത്രമാണ്. ഈ വിഷയത്തെ ആ രീതിയിലാണ് എല്ലാവരും മനസിലാക്കേണ്ടത്. എന്തു തുടർനടപടി വേണമെന്നതു സംബന്ധിച്ച് ബോർഡിന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റി ഇതുവരെ ചർച്ച ചെയ്തിട്ടില്ല.

മസ്ജിദ് ഒരിക്കലും ബാബറുടേതായിരുന്നില്ല. മസ്ജിദ് ഒരിക്കൽ നിർമ്മിച്ചു കഴിഞ്ഞാൽപ്പിന്നെ അത് അല്ലാഹുവിന്റേതാണ്. ബാബറുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഒന്നും തന്നെ വാദിക്കാനില്ല. മറ്റുള്ളവർക്ക് ബാബറോട് എന്തെങ്കിലും വിരോധമുണ്ടെങ്കിൽ പള്ളി രാമന്റെ പേരിലാക്കൂ എന്നും ജിലാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തർക്കഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ തങ്ങൾ പൂർണതൃപ്തരല്ലെന്ന് ജമാ അത്തെ ഇസ്ലാമി ഹിന്ദ് പ്രസിഡന്റ് സാദത്ത് ഉല്ല ഹുസൈനി പറഞ്ഞു. എങ്കിലും രാജ്യത്തെ എല്ലാ ജനങ്ങളും വിധി സ്വീകരിക്കണമെന്നും സമാധാനം പുലർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സമാധാന സംരക്ഷണത്തിനായി പരസ്പരം ചേർന്നു പ്രവർത്തിക്കണമെന്ന് മുസ്ലിം വ്യക്തിനിയമ ബോ‌‌ർഡ് അംഗം ഫസലുർ റഹീമും വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.