ന്യൂഡൽഹി: നൂറ്റാണ്ടുകൾ പഴക്കമുള്ള തർക്കത്തിന് സുപ്രീംകോടതി തീർപ്പു കൽപ്പിച്ചതോടെ പുതിയ ഭാവം കൈവരുമെന്ന പ്രതീക്ഷയിലാണ് ഉത്തർപ്രദേശിലെ അയോധ്യ ജില്ലയിലെ(പഴയ ഫൈസാബാദ് ജില്ല) അയോധ്യ എന്ന ചെറുപട്ടണം. ബ്രിട്ടീഷുകാരുടെ കാലം മുതൽ തുടങ്ങിയ തർക്കത്തിൽ കുരുങ്ങിയ നഗരം ഇന്നും കേസിന്റെ നൂലാമാലകൾ മൂലം വികസനമില്ലാതെ പുരാതന ഭാവത്തിലാണ്.
നിരവധി തീർത്ഥാടകരും വിനോദ സഞ്ചാരികളും എത്തുന്ന അയോധ്യ എന്ന ചെറിയ റെയിൽവെ സ്റ്റേഷനിൽ എല്ലാ ട്രെയിനുകളും നിറുത്താറില്ല. റെയിൽവെ സ്റ്റേഷനിൽ നിന്ന് നീളുന്ന റോഡിലൂടെ അരകിലോമീറ്റർ നടന്നാൽ പട്ടണത്തിലെത്താം. ഒരു നല്ല ഹോട്ടൽ പോലും ഇവിടെയില്ല. റോഡിന് ഇരുവശമുള്ള കെട്ടിടങ്ങളിലേക്ക് നോക്കിയാൽ തന്നെ അയോധ്യയുടെ പട്ടിണിക്കോലം വ്യക്തമാകും. ഇടിഞ്ഞു വീഴാറായ പുരാതന കെട്ടിടങ്ങളിലാണ് മിക്കവരും താമസിക്കുന്നത്. തർക്ക സ്ഥലത്തിന്റെ പരിസരത്ത് നിർമ്മാണങ്ങൾക്കും മറ്റും നിയന്ത്രണമുള്ളതിനാൽ ഒട്ടും വികസനമില്ല.
നൂറ്റാണ്ടുകൾ നീണ്ട കേസും തർക്കവും എങ്ങനെയും അവസാനിച്ചാൽ മതിയെന്ന ആഗ്രഹം മുസ്ളീംങ്ങൾ അടക്കം അയോദ്ധ്യയിലെ എല്ലാ ജനങ്ങൾക്കുമുണ്ടായിരുന്നു. കേസു തീർന്നാൽ വികസനം വരുമെന്ന പ്രതീക്ഷയിലാണവർ.