ന്യൂഡൽഹി: മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ വി.പി.സിംഗ് സർക്കാരിനെ സഹായിക്കുകയും പിന്നാക്ക വിഭാഗങ്ങളുടെ നീതിക്കായി പ്രവർത്തിക്കുകയും ചെയ്‌ത തിരുവനന്തപുരം സ്വദേശിയും റിട്ട ആന്ധ്രാ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ പി.എസ്. കൃഷ്‌ണൻ (86) അന്തരിച്ചു. നോയിഡയിൽ സ്ഥിരതാമസമാക്കിയ കൃഷ്‌ണൻ ഹൃദയശസ്‌ത്രക്രിയയെ തുടർന്ന് ഡൽഹി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ നില വഷളാകുകയും പുലർച്ചെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: ശാന്ത. മകൾ: ശുഭ. മരുമകൻ: ചന്ദ്രശേഖർ. സംസ്കാരം ഡൽഹി ലോധി റോഡ് ശ്‌മശാനത്തിൽ നടന്നു. 1990ൽ വിരമിച്ച ശേഷം പട്ടികജാതി പട്ടിക വർഗ്ഗക്കാരുടെ ക്ഷേമത്തിനായുള്ള ദേശീയ കമ്മിഷൻ അംഗം, പിന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടിയുള്ള വിദഗ്ധ കമ്മിറ്റി അംഗം, പിന്നോക്ക വിഭാഗങ്ങൾക്കായുള്ള ദേശീയ കമ്മിഷന്റെ മെമ്പർ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. പിന്നാക്ക വിഭാഗങ്ങൾക്കു വേണ്ടിയുള്ള സന്നദ്ധ സംഘടനകളിലും ആസൂത്രണ കമ്മിഷനും സർക്കാരും രൂപീകരിച്ച വിവിധ കമ്മിറ്റികളിലും അദ്ദേഹം അംഗമായിരുന്നു. നിരവധി പുസ്‌തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.