പിന്തുണയ്‌ക്ക് കടുത്ത ഉപാധികളുമായി എൻ.സി.പി
എൻ.ഡി.എ വിടാതെ ചർച്ചയില്ലെന്ന് ശരദ് പവാർ
സേനാ നേതാക്കൾ രാത്രി വൈകിയും ചർച്ചയിൽ
ന്യൂഡൽഹി: ദിവസങ്ങളായി രാഷ്ട്രീയ പിരിമുറുക്കം തുടരുന്ന മഹാരാഷ്‌ട്രയിൽ, സർക്കാർ രൂപീകരിക്കാനുള്ള ഗവർണറുടെ ക്ഷണം ബി.ജെ.പി നിരസിക്കുകയും ഇന്നലെ വൈകിട്ട് ശിവസേനയെ ഗവർണർ ക്ഷണിക്കുകയും ചെയ്‌തതോടെ ചർച്ചകളും അഭ്യൂഹങ്ങളും മുറുകി. 288 അംഗ നിയമസഭയിൽ 56 അംഗങ്ങൾ മാത്രമുള്ള ശിവസേന, എൻ.സി.പിയെ ഒപ്പം കൂട്ടി കോൺഗ്രസ് പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ചരടുവലി മുറുക്കി.
സേനാ മേധാവി ഉദ്ധവ് താക്കറെ ഇന്നലെ രാത്രി എൻ.സി.പി നേതാവ് ശരദ് പവാറുമായി ഫോണിൽ ബന്ധപ്പെട്ട് ചർച്ചകൾ നടത്തി. അതേസമയം, ശിവസേന ദേശീയ ജനാധിപത്യ സഖ്യം വിടണമെന്നത് ഉൾപ്പെടെ എൻ.സി.പി കടുത്ത ഉപാധികൾ മുന്നോട്ടു വച്ചതായാണ് സൂചന. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ശിവസേനയുടെ മുതിർന്ന നേതാക്കൾ രാത്രി വൈകിയും മുംബയിൽ യോഗം ചേരുകയാണ്.
മഹാരാഷ്ട്രയിൽ ബി.ജെ.പി ഇല്ലാതെ ഏതു വിധേനയും ഭരണമേൽക്കുകയെന്ന നിലപാട് ശിവസേന പരസ്യമായി പ്രകടിപ്പിച്ചിരിക്കെ, എൻ.സി.പിയുടെ ഉപാധികൾ ഏതു വിധത്തിൽ സ്വീകരിക്കാനാകുമെന്നാണ് പ്രധാന ചർച്ച. അതേസമയം, ശിവസേന കേന്ദ്രമന്ത്രിസഭ വിടാൻ തീരുമാനിച്ചതായും, സേനാ മന്ത്രിയായ അരവിന്ദ് സാവന്ത് രാജി സന്നദ്ധത അറിയിച്ചതായും രാത്രിതന്നെ അഭ്യൂഹങ്ങൾ ശക്തമാവുകയും ചെയ്തു. അത്തരമൊരു നീക്കമുണ്ടായാൽ മഹാരാഷ്‌ട്രയിൽ ബി.ജെ.പിയും ശിവസേനയുമായുള്ള അകൽച്ച പൂർണമാകും.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും ശിവസേനയും സഖ്യമായി മത്സരിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള ചർച്ചകളിൽ പരസ്പരം ഇടയുകയായിരുന്നു. ഇതേത്തുടർന്നാണ്, ഒറ്റയ്‌ക്ക് കേവലഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സർക്കാർ രൂപീകരണത്തിന് ഗവർണർ ക്ഷണിച്ചത്. എന്നാൽ, പാർട്ടിക്ക് കേവലഭൂരിപക്ഷമില്ലെന്ന് ഗവർണർ ഭഗത്‌സിംഗ് കോഷിയാരിയെ ബി.ജെ.പി ഇന്നലെ അറിയിക്കുകയായിരുന്നു. കാവൽ മുഖ്യമന്ത്രിയായി തുടരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയിൽ രണ്ടു തവണ ചേർന്ന കോർ കമ്മിറ്റി യോഗത്തിനു ശേഷമായിരുന്നു ബി.ജെ.പിയുടെ നാടകീയ നീക്കം.
അതേസമയം, മഹാരാഷ്ട്രയിലെ ജനങ്ങൾ ബി.ജെ.പി- ശിവസേന സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നൽകിയതാണെന്നും സർക്കാർ രൂപീകരിക്കാതെ ശിവസേന ജനവിധിയെ അവഹേളിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കേവലഭൂരിപക്ഷത്തിന് 145 പേരുടെ അംഗബലം വേണമെന്നിരിക്കെ, ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമില്ല. എൻ.സി.പി, കോൺഗ്രസ് പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ശിവസേന ആഗ്രഹിക്കുകയാണെങ്കിൽ ആശംസകൾ നേരുന്നതായും പാട്ടീൽ പറഞ്ഞു.
അതിനിടെ, ബി.ജെ.പിയുടെ കുതിരക്കച്ചവടം തടയാൻ ബാന്ദ്രയിലെ ഹോട്ടലിലേക്ക് ശിവസേന മാറ്റിയിരുന്ന ഭൂരിഭാഗം എം.എൽ.എമാരെയും അവിടെ നിന്ന് മലാഡിലെ റിസോർട്ടിലേക്കു മാറ്റി. ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ ഇന്നലെ റിസോർട്ടിലെത്തി എം.എൽ.എമാരെ കണ്ടു.
കോൺഗ്രസ്, തങ്ങളുടെ 44 എം.എൽ.എമാരെയും ജയ്‌പൂരിലെ ആഡംബര റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ശിവസേനയുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് യോജിപ്പില്ല. അതേസമയം, ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റിനിർത്താൻ സേനാ ബന്ധമാകാം എന്നാണ് എം.എൽ.എമാരുടെ അഭിപ്രായം. ഇത് കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു.
മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മല്ലികാർജ്ജുന ഖാർഗെ ഇന്നലെ പാർട്ടി എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ രാഷ്ട്രപതി ഭരണം ആഗ്രഹിക്കുന്നില്ലെന്നും സ്ഥിരതയുള്ള സർക്കാർ വരണമെന്നും കോൺഗ്രസ് നേതാവ് അശോക് ചവാൻ പ്രതികരിച്ചു.എന്നാൽ, ശിവസേനയുമായി സഖ്യമുണ്ടാക്കിയാൽ ദുരന്തമായിരിക്കും ഫലമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം പ്രതികരിച്ചു.
കക്ഷിനില
ആകെ സീറ്റ്: 288
കേവലഭൂരിപക്ഷം: 145
ബി.ജെ.പി: 105
ശിവസേന: 55
എൻ.സി.പി: 54
കോൺ.: 44