maha
MAHARASHTRA

മുംബയ്/ന്യൂഡൽഹി: കോൺഗ്രസിന്റെ പിന്തുണ ഉറപ്പിക്കാൻ കഴിയാത്തതിനാൽ മൂന്നു ദിവസം കൂടി വേണമെന്ന ശിവസേനയുടെ ആവശ്യം ഗവർണർ ഭഗത് സിംഗ് കോശിയാരി തള്ളുകയും എൻ.സി.പിയെ ക്ഷണിക്കുകയും ചെയ്തതോടെ മഹാരാഷ്‌ട്രയിൽ സർക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ എല്ലാ ശ്രമവും പൊളിഞ്ഞു. ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയിലാണ് എൻ.സി.പിയെ ഗവർണർ ക്ഷണിച്ചത്. കോൺഗ്രസ് -എൻ.സി.പി നിർണായക ചർച്ച ഇന്ന് മുംബയിൽ നടക്കും.

എൻ.സി.പിയുമായി ചേർന്നും കോൺഗ്രസിന്റെ പുറത്തു നിന്നുള്ള പിന്തുണയോടെയും ഭൂരിപക്ഷം തെളിയിക്കാമെന്ന സേനയുടെ പ്രതീക്ഷയാണ് ഇന്നലെ തകർന്നത്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിൽ ഇന്നലെ വൈകിട്ട് ചേർന്ന പ്രവർത്തക സമിതി യോഗം പിന്തുണക്കാര്യത്തിൽ തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു.

അതേസമയം, ബി.ജെ.പിയുമായുള്ള ബന്ധം പൂർണമായി ഉപേക്ഷിച്ചാൽ പിന്തുണ നൽകുമെന്ന എൻ.സി.പിയുടെ ഉപാധി അംഗീകരിച്ച ശിവസേന തങ്ങളുടെ കേന്ദ്രമന്ത്രിയായ അരവിന്ദ് സാവന്തിനെ രാജിവയ്പിച്ചാണ് കോൺഗ്രസ് തീരുമാനത്തെ ഇന്നലെ വൈകുവോളം കാത്തത്. 56 സീറ്റുള്ള ശിവസേന എൻ.സി.പിയുടെയും (54), കോൺഗ്രസിന്റെയും (44) ഏതാനും സ്വതന്ത്രരുടെയും സഹായത്തോടെ കേവലഭൂരിപക്ഷം ഉറപ്പാക്കാനാണ് ശ്രമിച്ചത്.

ശിവസേനയെ ക്ഷണിച്ച ഗവർണർ ഇന്നലെ വൈകിട്ട് ഏഴരയ്‌ക്കുള്ളിൽ ഭൂരിപക്ഷം വ്യക്തമാക്കുന്ന കത്തുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് രാവിലെ മുതൽ കോൺഗ്രസിന്റെയും എൻ.സി.പിയുടെയും പിറകെയായിരുന്നു സേനാ നേതൃത്വം. എൻ.ഡി.എ വിടണമെന്ന എൻ.സി.പി ആവശ്യം കേന്ദ്രമന്ത്രിയെ പിൻവലിച്ച് നിറവേറ്റിയതിനാൽ ഉപാധികളോടെ കോൺഗ്രസും പിന്തുണയ്‌ക്കുമെന്നാണ് ഉദ്ധവ് താക്കറെ കരുതിയത്. ഉദ്ധവ് ഇന്നലെ രണ്ടു തവണ സോണിയാ ഗാന്ധിയുമായി ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ വൈകിട്ട് ഗവർണറുടെ വസതിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് പകരം മകൻ ആദിത്യയെ അയയ്‌ക്കുകയായിരുന്നു.

സഖ്യം വേണമെന്നും വേണ്ടെന്നും

ഡൽഹിയിൽ രാവിലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് വൈകിട്ട് നാലുമണിക്ക് വിശദമായ യോഗം ചേർന്നത്. രണ്ടര മണിക്കൂർ വിഷയം ചർച്ച ചെയ്‌തെങ്കിലും തീരുമാനത്തിലെത്തിയില്ല. മഹാരാഷ്‌ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മല്ലികാർജ്ജുന ഖാർഗെയുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾക്കും അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും ഹിന്ദുത്വ പാർട്ടിയായ ശിവസേനയുമായുള്ള സഖ്യത്തോട് താത്പര്യമില്ലായിരുന്നു. എന്നാൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ ഉൾപ്പെടെ സഖ്യമാവാമെന്ന നിലപാടാണെടുത്തത്.

ഇന്ന് എൻ.സി.പി- കോൺ ചർച്ച

അതേസമയം, മഹാരാഷ്‌ട്ര വിഷയം ശരത് പവാറുമായി ചർച്ച ചെയ്‌തെന്നും ഇന്ന് കൂടുതൽ ചർച്ച നടത്തുമെന്നും കോൺഗ്രസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് നിരീക്ഷകരായി മുംബയിലേക്ക് അയയ്‌ക്കും.