janpath-

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ ശിവസേനയ്ക്ക് കോൺഗ്രസിന്റെ പിന്തുണ അനിവാര്യമായതോടെ ഒരിടവേളയ്‌ക്കു ശേഷം ഇന്നലെ എ.ഐ.സി.സി ആസ്ഥാനം സ്ഥിതി ചെയ്യുന്ന അക്‌ബർ റോഡും കോൺഗ്രസ് അദ്ധ്യക്ഷയുടെ വസതിയായ 10 ജൻപഥും ദേശീയ മാദ്ധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായി. പിന്തുണക്കാര്യം ചർച്ച ചെയ്‌ത രണ്ടരമണിക്കൂർ പുറത്ത് മാദ്ധ്യമ പ്രവർത്തകർ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. 2014ൽ യു.പി.എ സർക്കാർ അധികാരമൊഴിഞ്ഞ ശേഷം ആദ്യമായാണ് കോൺഗ്രസിന്റെ ഒരു നിർണായക രാഷ്ട്രീയ തീരുമാനത്തിന് പ്രാധാന്യം കൈവന്നത്.

വൈകിട്ട് 7.30നുള്ളിൽ ഭൂരിപക്ഷം ഉറപ്പാക്കി തന്നെ കാണാൻ വരണമെന്ന ഗവർണറുടെ അന്ത്യശാസനം പാലിക്കാൻ കോൺഗ്രസിന്റെ പിന്തുണ അനിവാര്യമായതിനാൽ എൻ.സി.പി നേതാവ് ശരത് പവാർ വഴി ശിവസേന ഡൽഹിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. അതിനാൽ ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വസതിയിൽ നടന്ന യോഗം നിർണായകമായി. ഹിന്ദുത്വ പാർട്ടിയായ ശിവസേനയുമായുള്ള ബന്ധത്തെ തുടക്കം മുതൽ എതിർത്ത സോണിയയും മല്ലികാർജ്ജുന ഖാർഗെയും മനസുമാറ്റുമോ എന്നതും യോഗത്തിന്റെ പ്രാധാന്യം കൂട്ടി.

നാലുമണിക്ക് തുടങ്ങിയ യോഗം അനിശ്‌ചിതമായി നീണ്ടതോടെ പുറത്ത് സസ്‌പെൻസ് ത്രില്ലറിന്റെ ആകാംക്ഷ. ആദിത്യ താക്കറെയുടെ നേതൃത്വത്തിൽ സേനാ നേതാക്കൾ ഗവർണറെ കാണാൻ പുറപ്പെട്ടപ്പോൾ, പിന്തുണ ഉറപ്പിക്കുന്ന കത്ത് കോൺഗ്രസ് ഫാക്‌സ് ചെയ്തെന്ന് വാർത്ത പരന്നു. ദൃശ്യമാദ്ധ്യമങ്ങൾ അതേറ്റു പിടിച്ച് ചർച്ച തുടങ്ങി.

6.45ഒാടെ യോഗം കഴിഞ്ഞ് പുറത്തു വന്ന കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കൾ പറഞ്ഞു കത്തു നൽകിയിട്ടില്ലെന്ന്. അതോടെ വീണ്ടും അനിശ്‌ചിതത്വം. കോൺഗ്രസ് തീരുമാനമെടുത്തില്ലെന്ന് ചില നേതാക്കൾ സൂചിപ്പിച്ചു. പത്രസമ്മേളനമില്ലെന്നും ഉടൻ പ്രസ്‌താവന പ്രസിദ്ധീകരിക്കുമെന്നും അവർ അറിയിച്ചു. തൊട്ടു പിന്നാലെ ഐ.ഐ.സി.സിയുടെ മാദ്ധ്യമ വിഭാഗം അക്കാര്യം സ്ഥിരീകരിച്ച് പ്രസ്‌താവന ഇറക്കി. മഹാരാഷ്‌ട്ര കാര്യത്തിൽ എൻ.സി.പിയുമായി ചർച്ച തുടരുമെന്ന്. ജൻപഥിന് മുന്നിൽ നിന്ന മാദ്ധ്യമ പ്രവർത്തകർക്ക് സസ്‌പെൻസ് അവസാനിച്ചതിലുള്ള ആശ്വാസം.