jnu

ന്യൂഡൽഹി: എ.ബി.വി.പി നേതൃത്വവും അദ്ധ്യാപകരും പിന്തുണ പ്രഖ്യാപിച്ചതോടെ ഹോസ്റ്റൽ ഫീസ് കുത്തനെ ഉയർത്തിയതിനെതിരെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സമരം കൂടുതൽ ശക്തമാകുന്നു. ഫീസ് കുറയ്ക്കും വരെ വിട്ടുവീഴ്ചയില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കാമ്പസിലെ സബർമതി ധാബയ്ക്ക് മുന്നിലെ പ്രതിഷേധ യോഗത്തിന് ശേഷം വിദ്യാർത്ഥികൾ ഐ.ടി.ഒയിലുള്ള യു.ജി.സി. ആസ്ഥാനത്തേക്ക് നീങ്ങും. തുടർന്ന് ധർണയിരിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ധർണ അനിശ്ചിതകാലം തുടരുമെന്ന് സെക്രട്ടറി മനീഷ് ജാംഗിദ് പറഞ്ഞു.

കാമ്പസ് അടച്ചിടാനും വിദ്യാർത്ഥികളും അദ്ധ്യാപകരും തീരുമാനിച്ചു. സമരം ശക്തമാക്കാനാണ് എ.ബി.വി.പി ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകളെല്ലാം തീരുമാനിച്ചിരിക്കുന്നത്. കരട് ഹോസ്റ്റൽ മാനുവൽ റദ്ദാക്കുകയും വൈസ് ചാൻസലർ ജഗദീഷ് കുമാറുമായി ചർച്ച നടത്തുകയും ചെയ്യാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ പ്രക്ഷോഭം രൂക്ഷമായിട്ടും വി.സി. അടക്കമുള്ള അധികൃതർ ചർച്ചയ്ക്ക് തയാറായിട്ടില്ല.

കഴിഞ്ഞ ദിവസം ഡൽഹിയിലെ പ്രധാനപാത തടസപ്പെടുത്തി ആരംഭിച്ച സമരം വൈകിട്ടാണ് അവസാനിച്ചത്. സമീപകാലത്തെ ഏറ്റവും വലിയ പ്രതിഷേധത്തിനാണ് ജെ.എൻ.യു സാക്ഷിയാകുന്നത്. കാമ്പസിൽ 15 ദിവസമായി തുടരുന്ന സമരം ഇന്നലെ കേന്ദ്രമന്ത്രിയെ തടയുന്നതിലേക്ക് എത്തി. മണിക്കൂറുകൾ നീണ്ട പൊലീസ് വിദ്യാർത്ഥി സംഘർഷത്തിനൊടുവിലാണ് സമരം അവസാനിച്ചത്. ജെ.എൻ.യു വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ എ.ബി.വി.പി ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകളെല്ലാം കോളേജിൽ സമരത്തിലാണ്. ഹോസ്റ്റൽ ഫീസ് 2500 രൂപയിൽ നിന്ന് 7000 രൂപയിലേക്ക് ഉയർത്തിയതടക്കമുള്ള വിഷയങ്ങളിലാണ് വിദ്യാർത്ഥികൾ സമരം നടത്തുന്നത്.

സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് താങ്ങാൻ കഴിയാത്ത വിധം ഫീസ് ഏർപ്പെടുത്തി ജെ.എൻ.യു. വരേണ്യ യൂണിവേഴ്സിറ്റി ആക്കാൻ ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ പ്രസ്താവിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ന്യായമായ ആവശ്യത്തിനായി സമാധാനപൂർവം സമരം ചെയ്ത വിദ്യാർത്ഥികളെ തല്ലിചതച്ച കേന്ദ്ര സർക്കാരിൻ്രെ നടപടി അത്യന്തം അപലപനീയമാണെന്നും സി.പി.എം. അറിയിച്ചു.