national

ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധം

സോണിയയും പവാറുമായുള്ള ചർച്ചയിൽ പ്രതീക്ഷ

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്ത ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും അടിയന്തരമായി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാൻ മതിയായ സമയം അനുവദിക്കാതെ തിടുക്കപ്പെട്ടാണ് ഗവർണർ തീരുമാനമെടുത്തത്.ഇത് ഏകപക്ഷീയവും നിയമവിരുദ്ധവും സർക്കാരിന്റെ ഭൂരിപക്ഷം നിയമസഭയിലാണ് തെളിയിക്കപ്പെടേണ്ടതെന്ന എസ്.ആർ ബൊമ്മൈ കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനവുമാണ്. ഭൂരിപക്ഷം തെളിയിക്കാൻ യുക്തമായ സമയം അനുവദിക്കണമെന്നും. ശിവസേന നേതാവ് അനിൽദത്രായ പരബ് ഹർജിയിൽ ആവശ്യപ്പെട്ടു.

ഹർജിയിൽ പറയുന്നു

തിരഞ്ഞെടുപ്പ് ഫലം വന്ന് 18 ദിവസം സർക്കാർ രൂപീകരണത്തിന് ഒരു നടപടിയും ഗവർണർ എടുത്തില്ല. നവംബർ 9 നാണ് വലിയ കക്ഷിയായ ബി.ജെ.പിയെ (105) ക്ഷണിച്ചത്. ഭൂരിപക്ഷം ബോദ്ധ്യപ്പെടുത്താൻ 48 മണിക്കൂറും അനുവദിച്ചു. ബി.ജെ.പി പിൻമാറിയതോടെ രണ്ടാമത്ത കക്ഷിയായ തങ്ങളെ (56) ക്ഷണിച്ചു. 24 മണിക്കൂർ മാത്രമാണ് തന്നത്. മൂന്നു ദിവസത്തെ സാവകാശം തേടിയെങ്കിലും അനുവദിച്ചില്ല. ബി.ജെ.പിക്ക് കൂടുതൽ സമയം അനുവദിക്കുകയും തങ്ങൾക്ക് നിഷേധിക്കുകയും ചെയ്തത് നിയമത്തിന് മുന്നിൽ തുല്യതയ്ക്കുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ്.


എൻ.സി.പിയും (54), കോൺഗ്രസുമായി (44) ചേർന്ന് സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇരുപാർട്ടികളും തങ്ങളെ പിന്തുണയ്ക്കാൻ തത്വത്തിൽ തയാറായിട്ടുണ്ട്. പൊതുമിനിമം പരിപാടി രൂപീകരിക്കുന്നതിനാലാണ് മൂന്ന് ദിവസത്തെ സമയം തേടിയത്. യുക്തമായ സമയം തന്നില്ല. തൂക്ക് സഭാസാഹചര്യത്തിൽ സ്ഥിരതയുള്ള സർക്കാരുണ്ടാക്കാൻ പാർട്ടികൾക്ക് ആവശ്യമായ സമയം നൽകണം.

ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ഫോണിലൂടെ നടത്തിയ ചർച്ച പോസിറ്റിവായിരുന്നു. നേതാവ് സഞ്ജയ് റാവത്ത് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറുമായി നടത്തിയ ചർച്ചകളും ക്രിയാത്മക ദിശയിലാണ്.


എട്ട് സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയുണ്ട്.


ചർച്ചകൾ ശുഭസൂചകമായി പുരോഗമിക്കുന്നതിനിടെയാണ് തിടുക്കത്തിൽ ഗവർണർ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തത്. ഇതിലൂടെ സർക്കാർ രൂപീകരിക്കാനുള്ള അവസരമാണ് ഇല്ലാതാക്കിയത്. ഇത് ഏകപക്ഷീയവും വിവേചനപരവും വഞ്ചനയുമാണ്. ഗവർണർ കേന്ദ്രസർക്കാരിന്റെ ചട്ടുകമാവരുത്.