ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ശിവലിംഗത്തിലെ തേൾ വിവാദ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടകേസിൽ ഹാജരാകാത്തതിൽ കോൺഗ്രസ് നേതാവ് ശശിതരൂർ എം.പിക്ക് ഡൽഹി കോടതി വാറണ്ട് അയച്ചു. കേസിൽ തരൂരോ, അഭിഭാഷകനോ ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് നവീൻകുമാറാണ് ജാമ്യമുള്ള വാറൻഡ് പുറപ്പെടുവിച്ചത്. നവംബർ 27നകം ഹാജരാകണം. കോടതിയിൽ ഹാജരാകാത്തതിന് ഹർജിക്കാരനായ ഡൽഹി ബി.ജെ.പി ഉപാദ്ധ്യക്ഷൻ രാജീവ് ബബ്ബറിന് 500 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
2018 ഒക്ടോബറിൽ ബംഗളൂരു സാഹിത്യോത്സവത്തിലെ ചർച്ചയ്ക്കിടെയാണ് വിവാദ പരാമർശം തരൂർ നടത്തിയത്. മോദി ശിവലിംഗത്തിലെ തേളിനെപ്പോലെയാണെന്നും കൈ കൊണ്ട് എടുത്തു കളയാനും പറ്റില്ല, ശിവലിംഗത്തിന് മുകളിലായതിനാൽ ചെരിപ്പു കൊണ്ട് അടിക്കാനും കഴിയില്ല എന്ന് ഒരു ആർ.എസ്.എസ് നേതാവ് അഭിപ്രായപ്പെട്ടെന്നായിരുന്നു പരാമർശം. ഒരു മാഗസിനിൽ വന്ന ലേഖനത്തെ ആസ്പദമാക്കിയായിരുന്നു പരാമർശം. ഇതിനെതിരെ മാനനഷ്ടകേസ് . താൻ ശിവഭക്തനാണെന്നും തരൂർ മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് രാജീവ് ബബ്ബറിൻറെ പരാതി.