ന്യൂഡൽഹി: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന, ശബരിമലയിൽ പ്രായഭേദമെന്യേ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന ഹർജികളിൽ ഇന്ന് രാവിലെ 10.30ന് സുപ്രീംകോടതി വിധിപറയും.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുൾപ്പെടുന്ന ഭരണഘടനാ ബെഞ്ചാണ് വിധി പറയുക.
യുവതീ പ്രവേശനം അനുവദിച്ച ബെഞ്ചിൽ രഞ്ജൻ ഗൊഗോയ് ഇല്ലായിരുന്നു. ആ ബെഞ്ചിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കൊപ്പം യുവതീ പ്രവേശനത്തെ അനുകൂലിച്ചവരാണ് എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ. ഇന്ദുമൽഹോത്ര മാത്രമാണ് യുവതീ പ്രവേശനത്തെ എതിർത്ത് ഭിന്ന വിധി എഴുതിയത്.
ഏഴ് പ്രമുഖ കക്ഷികളുടെ വാദങ്ങളാണ് സുപ്രീംകോടതി തുറന്ന കോടതിയിൽ കേട്ടത്. മറ്റു കക്ഷികൾ വാദം എഴുതി നൽകി.
2018 സെപ്തംബർ 28ലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തു. ദേവസ്വം ബോർഡ് സർക്കാരിനോട് യോജിച്ചു. എൻ.എസ്.എസും തന്ത്രിയും മറ്റും യുവതീ പ്രവേശനം അനുവദിക്കരുതെന്നാണ് ആവശ്യപ്പെട്ടത്.
സാദ്ധ്യതകൾ
1. യുവതീ പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കാം
2. റിവ്യൂ ഹർജികൾ തള്ളാം. അപ്പോൾ യുവതീ പ്രവേശന വിധി നിലനിൽക്കും
3. റിവ്യൂ ഹർജികൾ വിശാല ബെഞ്ചിന് വിടാം
കക്ഷികളും അഭിഭാഷകരും
സംസ്ഥാന സർക്കാർ - ജയദീപ് ഗുപ്ത
ദേവസ്വംബോർഡ് - രാകേഷ് ദ്വിവേദി
എൻ.എസ്.എസ് - കെ. പരാശരൻ
തന്ത്രി കണ്ഠരര് രാജീവര് - വി. ഗിരി
പ്രയാർ ഗോപാലകൃഷ്ണൻ - അഭിഷേക് സിംഗ്‌വി
പന്തളം രാജകുടുംബം - അഡ്വ. സായി ദീപക്
ബ്രാഹ്മണസഭ - ശേഖർ നഫാഡെ
എതിർക്കുന്നവരുടെ വാദം
ശബരിമല അയ്യപ്പൻ നൈഷ്‌ഠിക ബ്രഹ്മചാരിയാണെന്നതാണ് യുവതീ പ്രവേശന വിലക്കിന് കാരണം.
ഭരണഘടനാ ധാർമ്മികത വിശ്വാസത്തിന് കീഴ്പ്പെട്ടിരിക്കുന്നു.
മതപരമായ കാര്യങ്ങൾ യുക്തികൊണ്ട് പരിശോധിക്കാനാവില്ല.
മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്ന് സുപ്രീംകോടതി തന്നെ വിധിച്ചിട്ടുണ്ട്.
ദേവതയുടെ ഭാവം പ്രധാനമാണ്. ക്ഷേത്രത്തിന്റെ അവിഭാജ്യ ആചാരവുമായി ആരാധനാ അവകാശം യോജിച്ചുപോകണം.
നിയന്ത്രണത്തിന് തൊട്ടുകൂടായ്‌മയുമായി ബന്ധമില്ല.
ക്ഷേത്രത്തിൽ പോകുന്നത് പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ല.
ഒരു ആചാരത്തെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ആ സമുദായമാണ്. കോടതിയല്ല.
ശബരിമല വിധി രാജ്യത്തെ മറ്റ് ആരാധനാലയങ്ങളിലെ ആചാരങ്ങളെയും ബാധിക്കും.
സംസ്ഥാന സർക്കാർ
വിധി പുനഃപരിശോധിക്കേണ്ടതില്ല
യുവതികളെ മാറ്റിനിറുത്തുന്നത് ഹിന്ദുമതത്തിന്റെ അവിഭാജ്യഘടകമല്ല.
ഒരു ക്ഷേത്രത്തിന്റെ ആചാരം ഒരു മതത്തിന്റെ അവിഭാജ്യ ആചാരമല്ല.
ശബരിമല പൊതുക്ഷേത്രമാണ്.
മൗലികാവകാശങ്ങളെ ഹനിക്കുമ്പോൾ മതാചാരങ്ങളിൽ കോടതിക്ക് ഇടപെടാം.
ദേവസ്വം ബോർഡ്
വിധിയെ ബഹുമാനിക്കുന്നു.
ആരാധനാ അവകാശത്തിൽ ലിംഗ വിവേചനം പാടില്ല.