രാഹുൽഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹർജിയിലും വിധി
ന്യൂഡൽഹി : മോദി സർക്കാരിനെതിരായ റാഫേൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ സ്വതന്ത്രാന്വേഷണം തള്ളിയ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ ഇന്ന് സുപ്രീംകോടതി വിധി പറയും. ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ്‌മാരായ എസ്.കെ കൗൾ, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ചാണ് വിധി പറയുക. രാവിലെ 10.30ന് ശബരിമല റിവ്യൂ ഹർജിയിലെ വിധിക്ക് ശേഷമാകും ഈ കേസിലെ വിധി പ്രസ്‌താവം.
'കാവൽക്കാരൻ കളവ് നടത്തിയെന്ന് സുപ്രീംകോടതി അംഗീകരിച്ചെന്ന പരാമർശത്തിൽ മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹർജിയിലും ഇന്ന് വിധിവരും.
ഫ്രാൻസുമായുള്ള റാഫേൽ യുദ്ധവിമാന ഇടപാടിൽ അഴിമതിയാരോപിച്ച് മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺഷൂരി, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണം വേണമെന്ന ആവശ്യം ഡിസംബർ 14ന് ചീഫ്ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളി. തുടർന്ന് വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഇവർ റിവ്യൂ ഹർജി നൽകുകയായിരുന്നു.
റാഫേൽ കരാർ റദ്ദാക്കണമെന്നല്ല തങ്ങളുടെ ആവശ്യം. കേന്ദ്രസർക്കാർ സമർപ്പിച്ച വസ്തുതാവിരുദ്ധമായ കാര്യങ്ങളെ ആശ്രയിച്ചാണ് വിധി പറഞ്ഞത്. വിധിയിൽ ഗുരുതര പിഴവുകളുണ്ട്. കേസിൽ മുഴുവൻ രേഖകളും കേന്ദ്രം കോടതിക്ക് നൽകിയില്ല. പല പ്രധാന വിവരങ്ങളും മറച്ചുവച്ചു. പ്രതിരോധ ഇടപാടിലെ അഴിമതി ആരോപണങ്ങൾ നിയമപരമായ പരിശോധനയ്ക്ക് വിധേയമാണെന്നും വാദിച്ചു.
റാഫേൽ വിഷയത്തിൽ കോടതിയോട് കള്ളം പറയുകയോ എന്തെങ്കിലും മറച്ചുവയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ വാദം.
രാഹുലിനെതിരായ കോടതിയലക്ഷ്യം
യുദ്ധവിമാനങ്ങളുടെ വില നിർണയത്തിലുൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് ഇടപെട്ടെന്ന് സൂചിപ്പിക്കുന്ന, മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന രേഖകളുടെ അടിസ്ഥാനത്തിൽ റിവ്യൂ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി ഏപ്രിൽ 10ന് തീരുമാനിച്ചിരുന്നു. മോഷ്ടിച്ച രേഖകൾ പരിഗണിക്കരുതെന്ന കേന്ദ്രസർക്കാർ വാദം തള്ളിയായിരുന്നു നടപടി. ഈ വിധിയെ സ്വാഗതം ചെയ്ത് അമേതിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു രാഹുൽ വിവാദപരാമർശം നടത്തിയത്.
''കാവൽക്കാരൻ കളവ് നടത്തിയെന്ന് സുപ്രീംകോടതി അംഗീകരിച്ചിരിക്കുന്നു, റാഫേലിൽ അഴിമതി നടന്നിട്ടുണ്ടെന്ന് കോടതി അംഗീകരിച്ചു'' എന്നായിരുന്നു പരാമർശം.
രാഹുലിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി എം.പി മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്.
തുടർന്ന് വിവാദ പരാമർശത്തിന് രാഹുൽ ഗാന്ധി കോടതിയിൽ മാപ്പുപറഞ്ഞിരുന്നു.
റാഫേൽ കേസ് നാൾവഴി
2007:ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനിൽ നിന്ന് 126 റാഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങാൻ യു. പി. എ സർക്കാരിന്റെ ടെൻഡർ. 18 എണ്ണം പൂർണമായി നിർമ്മിച്ചതും ബാക്കി 108 എണ്ണം ദസോയുടെ സഹായത്തോടെ എച്ച്. എ. എൽ നിർമ്മിക്കാനുമായിരുന്നു കരാർ 2015: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ. പൂർണമായി നിർമ്മിച്ച 36 വിമാനങ്ങൾ വാങ്ങുമെന്ന് പ്രഖ്യാപനം. 126 വിമാനങ്ങൾ വാങ്ങാനുള്ള മുൻ സർക്കാരിന്റെ കരാർ പിൻവലിച്ചു 2016:ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദ് ഡൽഹിയിൽ. 36 വിമാനങ്ങൾ വാങ്ങാനുള്ള 59,000 കോടി രൂപയുടെ കരാർ ഒപ്പിട്ടു 2016:അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് ഓഫ്‌സെറ്റ് പങ്കാളിയായി. 2018: റിലയൻസിനെ പങ്കാളിയാക്കാൻ ഇന്ത്യാ ഗവൺമെന്റാണ് നിർദ്ദേശിച്ചതെന്ന ഫ്രാൻസ്വാ ഒളാന്ദിന്റെ വെളിപ്പെടുത്തൽ വിവാദമായി 30,000 കോടി രൂപ അനിൽ അംബാനിക്ക് നൽകിയെന്ന് ആരോപണം വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ച മോദി സർക്കാർ കരാർ തുക കൂട്ടിയെന്ന് കോൺഗ്രസ് ആരോപണം വിമാനത്തിന്റെ വില വെളിപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി കാവൽക്കാരൻ കള്ളനാണെന്ന് മോദിക്കെതിരെ രാഹുലിന്റെ ആക്ഷേപം. വിമാനത്തിന്റെ വില, റിലയൻസിനെ പങ്കാളിയാക്കിയത്, കരാറിന്റെ നടപടിക്രമങ്ങൾ എന്നിവ ചോദ്യം ചെയ്‌ത് വിവിധ ഹർജികൾ സുപ്രീം കോടതിയിൽ 2018 ഡിസംബർ:കരാറിൽ ക്രമക്കേട് ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ ബെഞ്ചിന്റെ വിധി അതിനെതിരെ വിവിധ കക്ഷികൾ റിവ്യൂ ഹർജികൾ നൽകി. അവയിൽ ആണ് ഇന്ന് വിധി വരുന്നത്.