jnu-

ന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർദ്ധനവിനെതിരെ ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാലയിൽ സംഘടിപ്പിച്ച വിദ്യാർത്ഥി പ്രതിഷേധത്തെത്തുടർന്ന്, ഹോസ്റ്റൽ ഫീസിൽ ഭാഗികമായ കുറവ് വരുത്താമെന്ന് മാനവവിഭവശേഷി മന്ത്രാലയം. ഹോസ്റ്റൽ സിംഗിൾ മുറിക്കുള്ള ഫീസ് നേരത്തെ 20 രൂപയുണ്ടായിരുന്നത് 600 രൂപയായാണ് വർദ്ധിപ്പിച്ചിരുന്നത്. ഇത്, 200 രൂപയായി കുറച്ചു. ഹോസ്റ്റൽ ഡബിൾ റൂം ഫീസ് 10 രൂപയിൽ നിന്ന് 300 രൂപയായി വർദ്ധിപ്പിച്ചത് 100 രൂപയായും കുറച്ചിട്ടുണ്ട്.

അതേസമയം, മുമ്പ് ആവശ്യമില്ലാതിരുന്ന സെക്യൂരിറ്റി ഡെപോസിറ്റ് 5500 രൂപയായി വർദ്ധിപ്പിച്ചതും മുമ്പില്ലാതിരുന്ന യൂട്ടിലിറ്റി ചാർജ് 1700 രൂപയാക്കിയതും കുറയ്ക്കാൻ അധികൃതർ തയാറായിട്ടില്ല.അതേസമയം, സമരം അവസാനിപ്പിക്കില്ലെന്നാണ് ജെ.എൻ.യു വിദ്യാർത്ഥി യൂണിയന്റെ നിലപാട്. ഫീസ് വർദ്ധനവിന് പുറമേ വസ്ത്രധാരണത്തിലെ പരിഷ്‌കാരം പിൻവലിക്കുക, ഹോസ്റ്റൽ സമയത്തിലെ നിയന്ത്രണം ഒഴിവാക്കുക എന്നിവ അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നാണ് വിദ്യാർത്ഥികളുടെ പ്രതികരണം.

ഫീസ് വർദ്ധനക്കെതിരായ വിദ്യാർത്ഥിസമരം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഫീസ് കുറക്കാൻ ജെ.എൻ.യു എക്‌സിക്യൂട്ടീവ് സമിതി നിർബന്ധിതരായത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യൻ ട്വിറ്ററിൽ അറിയിച്ചു. വിദ്യാർത്ഥികൾ സമരം നിർത്തി ക്ലാസ് മുറികളിലേക്ക് തിരിച്ചുപോകണമെന്നും അദ്ദേഹം പറഞ്ഞു.

300 ശതമാനത്തിലേറെയുള്ള ഫീസ് വർദ്ധനക്കെതിരെ പതിനേഴ് ദിവസം മുമ്പാണ് ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ സമരം ആരംഭിച്ചത്. കേന്ദ്ര മന്ത്രിയെയും വൈസ് ചാൻസിലറെയും സർവകലാശാലക്കുള്ളിൽ ഉപരോധിച്ച് നടത്തിയ സമരത്തിന് നേരെ പൊലീസ് ലാത്തിചാർജ് നടത്തിയതോടെ വിഷയം ദേശീയ ശ്രദ്ധ നേടിയിരുന്നു.