ന്യൂഡൽഹി: കർണാടകയിലെ 17 കോൺഗ്രസ് - ജെ.ഡി.എസ് വിമത എം.എൽ.എമാരെ കൂറുമാറ്റം ചൂണ്ടിക്കാട്ടി അയോഗ്യരാക്കിയ മുൻ സ്‌പീക്കർ കെ.ആർ. രമേഷ്‌കുമാറിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. എം.എൽ.എമാർക്ക് നിലവിലെ നിയമസഭയുടെ കാലാവധി തീരും വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കേർപ്പെടുത്തിയത് കോടതി റദ്ദാക്കി. ഇതോടെ ഡിസംബർ 5ന് 15 നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിമതർക്ക് മത്സരിക്കാം.
എം.എൽ.എമാർ സ്വമേധയാ നൽകുന്ന രാജിക്കത്ത് സ്വീകരിക്കാൻ സ്‌പീക്കർക്ക് ബാദ്ധ്യതയുണ്ടെന്നും മറ്റ് ഘടകങ്ങൾ പരിശോധിക്കേണ്ട ആവശ്യമില്ലെന്നും കോടതി വിധിച്ചു. എന്നാൽ അയോഗ്യതയ്‌ക്ക് കാരണമായ വസ്‌തുതകളും കളങ്കവും രാജിമൂലം ഇല്ലാതാകുന്നില്ലെന്നും വിധിയിൽ പറയുന്നു. അയോഗ്യതയ്‌ക്ക് അടിസ്ഥാനമായ കാരണങ്ങൾ മുൻപുണ്ടായതാണെങ്കിൽ രാജി സമർപ്പിക്കുന്നതിലൂടെ അത് അസാധുവാകില്ല. എന്നാൽ അയോഗ്യത കൽപ്പിക്കുന്ന നടപടിക്രമങ്ങൾ തുടങ്ങും മുമ്പ് അംഗത്തിന് സ്‌പീക്കർ മതിയായ സമയവും അവസരവും നൽകണം. എം.എൽ.എമാർക്ക് നിലവിലെ നിയമസഭയുടെ കാലാവധി തീരും വരെ അയോഗ്യത കൽപ്പിക്കാൻ സ‌്‌പീക്കർക്ക് അധികാരമില്ലെന്നും കോടതി വിധിച്ചു.
കർണാടകയിൽ നിന്ന് സുപ്രീംകോടതിയിലേക്ക്:
കോൺഗ്രസ് പിന്തുണയോടെ ഭരിച്ച കുമാര സ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പ്രതിസന്ധിയിലാക്കി ബി.ജെ.പി പക്ഷം ചേർന്ന വിമത എം.എൽ.എമാർ തങ്ങൾക്ക് അയോഗ്യത കൽപ്പിക്കുന്നത് ഒഴിവാക്കാൻ രാജി വച്ചെങ്കിലും സ്‌പീക്കർ സ്വീകരിച്ചില്ല. രാജിയിൽ ഉടൻ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ജൂലായ് 10ന് പ്രതാപ് ഗൗഡ പാട്ടീലിന്റെ നേതൃത്വത്തിൽ പത്ത് കോൺഗ്രസ്, ജെ.ഡി.എസ് വിമത എം.എൽ.എമാരും പിന്നീട് അഞ്ച് വിമത എം.എൽ.എമാരും സുപ്രീംകോടതിയിൽ എത്തി. ഒരാൾ അവസാനഘട്ടത്തിലാണ് കോടതിയെ സമീപിച്ചത്.
അയോഗ്യർ
ബി.സി.പാട്ടീൽ, പ്രതാപ് ഗൗഡ പാട്ടീൽ, ശിവ്‌റാം ഹെബ്ബാർ, എസ്.ടി. സോമശേഖർ, ബൈരാതി ബസവരാജ്, ആനന്ദ് സിംഗ്, ആർ. റോഷൻ ബെയ്ഗ്, എൻ. മുനിരത്‌ന, കെ. സുധാകർ, എം.ടി.ബി. നാഗരാജ്, ശ്രീമന്ത് പാട്ടീൽ, രമേശ് ജർക്കിഹോളി, മഹേഷ് കുമത്തലി, ആർ. ശങ്കർ(കോൺഗ്രസ്), കെ. ഗോപാലയ്യ, എ. എച്ച്. വിശ്വനാഥ്, കെ.സി. നാരായണ ഗൗഡ്(ജെ.ഡി.എസ്)
'' ഭരണ-പ്രതിപക്ഷങ്ങൾക്കിടയിൽ നിഷ്‌പക്ഷതയുടെ പാലമാകേണ്ട സ്‌പീക്കറുടെ തീരുമാനങ്ങൾ നിർണായകമാണ്. എന്നാൽ സ്‌പീക്കർമാർ ഭരണഘടനാപരമായ നിക്ഷ്പക്ഷത പാലിക്കാതെ ഇടപെടുന്ന പ്രവണത വർദ്ധിക്കുന്നു. അതിനാൽ കുതിരക്കച്ചവടവും കൂറുമാറ്റത്തിന്റെ ഭാഗമായ അഴിമതിയും ഒഴിവാക്കപ്പെടുന്നില്ല." - ജസ്റ്റിസുമാരായ എൻ.വി രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച്