ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ അഴിമതിക്കേസിൽ തീഹാർ ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. റോസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്.
അഭിഭാഷകരുടെ സമരത്തെ തുടർന്ന് വീഡിയോ കോൺഫറൻസിഗ് വഴിയാണ് പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാറിന് മുൻപാകെ ചിദംബരത്തെ കോടതിയിൽ ഹാജരാക്കിയത്. നേരത്തെ നവംബർ 13 വരെയാണ് കോടതി ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലാവധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് ചിദംബരത്തെ കോടതി മുൻപാകെ ഹാജരാക്കിയത്.അഴിമതി കേസിൽ ഒക്ടോബർ 16 നാണ് ചിദംബരത്തെ എൻഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
അഴിമതി കേസിൽ ഒക്ടോബർ 22ന് ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇ.ഡി. കസ്റ്റഡിയിൽ എടുത്തിരുന്നതിനാൽ പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല.