ന്യൂഡൽഹി : സുപ്രീംകോടതി ചീഫ്ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചു.
2005ലെ വിവരാവകാശ നിയമപ്രകാരം ചീഫ് ജസ്റ്റിസിന്റെ ഓഫീസ് പബ്ലിക് അതോറിറ്റി എന്ന നിർവചനത്തിലായതിനാൽ പൊതു താൽപര്യാർത്ഥം വിവരങ്ങൾ വെളിപ്പെടുത്താം. ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾ സ്വകാര്യ വ്യക്തിവിവരമല്ലെന്നും അത് വെളിപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമല്ലെന്നും ചരിത്ര വിധിയിൽ ബെഞ്ച് വ്യക്തമാക്കി. സുതാര്യത ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം അട്ടിമറിക്കില്ലെന്നും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ്‌മാരായ എൻ.വി രമണ, ഡി.വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
സുപ്രീംകോടതി ചീഫ്ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്ന 2010ലെ ഡൽഹി ഹൈക്കോടതി വിധിയാണ് ബെഞ്ച് ശരിവച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറലും സുപ്രീംകോടതിയിലെ വിവരാവകാശ ഓഫീസറും നൽകിയ അപ്പീലുകളാണ് തള്ളിയത്.
ചീഫ്ജസ്റ്റിസിനും ജസ്റ്റിസ് ദീപക് ഗുപ്തയ്‌ക്കും കൂടി വേണ്ടി ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രധാന വിധിന്യായമെഴുതി. ഇവരോട് യോജിച്ച് ജസ്റ്റിസ്‌മാരായ എൻ.വി രമണയും ഡി.വൈ ചന്ദ്രചൂഡും വെവ്വേറെയും വിധിന്യായമെഴുതി.
വിവരം നൽകേണ്ടത് പൊതുതാത്പര്യത്തിന്
പൊതുതാത്പര്യം മുൻനിറുത്തിയാകണം വിവരങ്ങൾ നൽകേണ്ടത്. സുതാര്യത ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തെ കൂടുതൽ ശക്തിപ്പെടുത്തും. ജഡ്‌ജിമാരുടെ സ്വകാര്യതയും ജുഡിഷ്യറിയുടെ സ്വാതന്ത്ര്യവും ഒരുപോലെ സംരക്ഷിക്കപ്പെടണം. അത് മനസിൽ വച്ചാകണം ഇൻഫർമേഷൻ ഓഫീസർ വിവരാവകാശ അപേക്ഷകൾ പരിഗണിക്കേണ്ടത്. തേടുന്ന വിവരത്തിന്റെ സ്വഭാവവും അത് സ്വകാര്യ ജീവിതത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതവും പരിഗണിക്കണം. അപേക്ഷകൾ പരിഗണിക്കുമ്പോൾ ബന്ധപ്പെട്ട ജഡ്‌ജിമാരെ കേൾക്കണം.
ജസ്റ്റിസ് ഖന്ന
സുപ്രീംകോടതിയും ചീഫ് ജസ്റ്റിസിന്റെ ഓഫീസും വ്യത്യസ്തമായ പബ്ലിക് അതോറിറ്റികളല്ല.
ജുഡിഷ്യറിയുടെ സുതാര്യതയും ഉത്തരവാദിത്വവും ഒരുമിച്ചുപോകണം.
സുതാര്യത ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം അട്ടിമറിക്കില്ല. ജുഡിഷ്യറിയുടെ സ്വാതന്ത്ര്യവും പൊതുതാത്പര്യമാണ്. ജഡ്ജിമാരുടെ സ്വത്തുവിവരം വെളിപ്പെടുത്തുന്നത് സ്വകാര്യതയ്ക്കുള്ള അവകാശങ്ങളുടെ ലംഘനമല്ല. ചീഫ്ജസ്റ്റിസിന്റെ ഓഫീസിൽ നിന്ന് വിവരം കൈമാറുമ്പോൾ സ്വകാര്യതയും സുതാര്യതയും സന്തുലിതമായി വിവരാവകാശ കമ്മിഷണർ പരിഗണിക്കണം.
ജസ്റ്റിസ് എൻ.വി രമണ
വിവരാവകാശവും ജഡ്ജിമാരുടെ സ്വകാര്യതയും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ.
ജുഡിഷ്യറിയെ നിരീക്ഷിക്കാനുള്ള ഉപകരണമായി വിവരാവകാശത്തെ ഉപയോഗിക്കരുത്.
ആർക്കാണ് വിവരം നൽകുന്നത്, ഏത് വിവരമാണ് തേടുന്നത് പൊതു, സ്വകാര്യ താത്പര്യങ്ങൾ തുടങ്ങിയവയും പരിഗണിക്കണം
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
ചീഫ് ജസ്റ്റിസും ജഡ്‌ജിമാരും ഭരണഘടനാ പദവികളാണ്. അത് അധികാര ശ്രേണിയല്ല. ജഡ്‌ജിമാർ നിയമത്തിന് അതീതരല്ല. സ്വകാര്യത ഭരണഘടനാ അവകാശമാണെങ്കിലും നിരുപാധികമല്ല.
ഭരണഘടനാപദവി വഹിക്കുകയും പൊതു കർത്തവ്യം നിർവഹിക്കുകയും ചെയ്യുന്ന ജുഡിഷ്യറിക്ക് സമ്പൂർണമായി മാറി നിൽക്കാനാവില്ല
ജഡ്‌ജി നിയമനങ്ങളുടെ സുതാര്യത ഉറപ്പുവരുത്തണം
ജഡ്‌ജിമാരെ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ കൃത്യമായി നിർവചിക്കണം