ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രി പദം പങ്കിടാമെന്ന് ധാരണ ഉണ്ടാക്കിയില്ലെന്നും ശിവസേനയുടെ ഉപാധികൾ അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്ത ശേഷം ആദ്യമായാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ പ്രസ്‌താവന നടത്തുന്നത്. അതേസമയം രാഷ്‌ട്രപതി ഭരണം നിലവിൽ വന്നെങ്കിലും മഹാരാഷ്‌ട്രയിൽ സർക്കാരുണ്ടാക്കാനുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല. ശിവസേനയുമായി സഹകരിച്ച് സർക്കാരുണ്ടാക്കേണ്ട സാഹചര്യമുണ്ടായാൽ നടപ്പാക്കേണ്ട മൊതു മിനിമം പരിപാടിക്ക് രൂപം നൽകാൻ എൻ.സി.പി അഞ്ചംഗ സമിതിക്ക് രൂപം നൽകി.
തിരഞ്ഞെടുപ്പ് സമയത്ത് പല റാലികളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ ആരും എതിർത്തില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഇപ്പോൾ പുതിയ ആവശ്യങ്ങളുമായി വന്നത് അംഗീകരിക്കാൻ കഴിയില്ല. രാഷ്‌ട്രപതി ഭരണം ശുപാർശ ചെയ്‌ത ഗവർണർ ഭഗത് സിംഗ് കോശിയാരിയെ പ്രതിപക്ഷം വിമർശിക്കുന്നതിനെയും അദ്ദേഹം അപലപിച്ചു.
പൊതുമിനിമം പരിപാടി സമിതി
എൻ.സി.പി നിയമസഭാകക്ഷി നേതാവ് അജിത് പവാർ, സംസ്ഥാന അദ്ധ്യക്ഷൻ ജയന്ത് പാട്ടീൽ, മുംബയ് യൂണിറ്റ് പ്രസിഡന്റ് നവാബ് മാലിക്, ലെജിസ്ളേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ് ധനഞ്ജയ് മുണ്ടെ, മുതിർന്ന നേതാവ് ഛഗൻഭുജ്പാൽ എന്നിവരടങ്ങിയ സമിതിയാണ് പൊതു മിനിമം പരിപാടിക്ക് രൂപം നൽകുക. പിന്തുണ നൽകാൻ ശിവസേന ഹിന്ദു അജണ്ട പൂർണമായും ഒഴിവാക്കണമെന്നും അഞ്ചു വർഷത്തേക്ക് ഉപമുഖ്യമന്ത്രി പദം വേണമെന്നും കോൺഗ്രസ് ഉപാധിവച്ചിട്ടുണ്ട്.