ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന പുനഃപരിശോധനാ ഹർജികൾ തീർപ്പാക്കുന്നതിന് മുന്നോടിയായി
വിശ്വാസം, മതം, ഭരണഘടന എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തതയുണ്ടാക്കാൻ വിശാല ബെഞ്ച് രൂപീകരിക്കാൻ സുപ്രീംകോ
ടതി ചൂണ്ടികാണിച്ചത് മറ്റ് മൂന്ന് സുപ്രധാന ഹർജികളാണ്. മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക്, ദാവൂദി ബോറ വിഭാഗത്തിലെ പെൺകുട്ടികളുടെ ചേലാ കർമ്മം, പാഴ്‌സി ആരാധനാലയത്തിൽ സ്ത്രീകൾക്കുള്ള വിലക്ക് എന്നിവ സംബന്ധിച്ചാണ് ആ ഹർജികൾ.
(1) മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ വിലക്ക്
രാജ്യത്തെ എല്ലാ മുസ്ളിം പള്ളികളിലും മുൻവാതിലിലൂടെ പ്രവേശിക്കാനും നിസ്‌കരിക്കാനും മുസ്ളിം സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൂനെ സ്വദേശി യാസ്‌മിൻ സുബൈർ അഹമ്മദും ഭർത്താവ് സുബൈർ അഹമ്മദും ആണ് ഹർജി നൽകിയത്. ശബരിമലയിൽ യുവതീ പ്ര
വേശനം അനുവദിച്ച വിധിയുടെ പശ്ചാത്തലത്തിൽ പള്ളികളിൽ സ്ത്രീപ്രവേശനം തടയുന്നത് ഭരണഘടനാ ലംഘനമാണെന്ന് ഹർജിക്കാർ ആരോപിച്ചു. സ്ത്രീകളുടെ പ്രാർത്ഥനയ്ക്കുള്ള അവകാശം തടയാനാകില്ലെന്നും അത് മനുഷ്യന്റെ അന്തസിന് എതിരാണെന്നുമുള്ള ശബരിമല വിധിയിലെ പരാമർശങ്ങളും ഹർജിയിൽ ചൂണ്ടിക്കാണിച്ചു.
(2) പാഴ്‌സി ആരാധനാലയത്തിൽ സ്ത്രീകൾക്ക് വിലക്ക്
അന്യമതസ്ഥരെ വിവാഹം ചെയ്യുന്ന പാഴ്‌സി സ്ത്രീകൾ അഗ്യാരി അടക്കമുള്ള സൊറാസ്ട്രിയൻ ആരാധനാലയങ്ങളിൽ പ്രവേശിക്കാനോ മാതാപിതാക്കളുമായോ ബന്ധുക്കളുമായോ ബന്ധം പുലർത്താനോ മാതാപിതാക്കളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനോ പാടില്ലെന്ന വിലക്കിനെതിരെയാണ് സുപ്രീംകോടതിയിൽ ഹർജി എത്തിയത്. ഹിന്ദു യുവാവിനെ വിവാഹം ചെയ്ത ഗുജറാത്ത് സ്വദേശി ഗൂൽറോഖ് എം.ഗുപ്തയാണ് ഹർജിക്കാരി. എതിർഭാഗത്താകട്ടെ പാഴ്‌സി അഞ്ചുമൻ ട്രസ്റ്റും. 2009ലാണ് ഗൂൽറോഖ് എം.ഗുപ്ത ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യം ഹൈക്കോടതി തള്ളിയതോടെ 2017 ഡിസംബറിലാണ് ഗൂൽറോഖ് സുപ്രീംകോടതിയെ സമീപിച്ചത്.
പാഴ്‌സി വിശ്വാസപ്രകാരം അന്യമതസ്ഥനെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് മാതാപിതാക്കളുടെ അന്ത്യകർമ്മങ്ങൾ നടക്കുന്നിടത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെ വരെ മാത്രമെ പ്രവേശനമുള്ളൂ.എന്നാൽ അന്യമതസ്ഥയെ വിവാഹം ചെയ്യുന്ന് പാഴ്‌സി പുരുഷന് ഈ നിയമം ബാധകമല്ല.വിവാഹം കഴിച്ചെത്തുന്ന അന്യമതസ്ഥയായ യുവതിക്ക് പാഴ്‌സി പള്ളികളിൽ പ്രവേശനം ഇല്ല. ആ ബന്ധത്തിലുള്ള കുട്ടികൾക്ക് ആരാധനയ്ക്ക് സ്വാതന്ത്രമുണ്ട്.
(3) ദാവൂദി ബോറ സ്ത്രീകളുടെ ചേലാ കർമ്മം
മുസ്ലീം വിഭാഗമായ ദാവൂദി ബോറ മതപരമായ ശുദ്ധിക്ക് എന്ന പേരിൽ പെൺകുട്ടികളുടെ യോനിയിലെ അഗ്രചർമ്മം അനസ്‌തേഷ്യ നൽകാതെ മുറിക്കുന്ന ചേലാ കർമ്മം എന്ന ദുരാചാരത്തിനെതിരെ രംഗത്തെത്തിയത് സമുദായത്തിലെ തന്നെ 17 യുവതികളായിരുന്നു. 2015 ഡിസംബറിലാണ് യുവതികൾ കോടതിയെ സമീപിച്ചത്. ഖട്‌ന എന്ന് വിശേഷിപ്പിക്കുന്ന ഈ ആചാരത്തിന് 1400 വർഷം പഴക്കമുണ്ടെന്ന് ബോറ പുരോഹിതർ പറയുന്നു. ആറിനും എട്ടിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ യോനിയിലെ അഗ്രചർമ്മം ആണ് അശാസ്‌ത്രീയമായി മുറിക്കുന്നത്. ഇത് അണുബാധ ഉൾപ്പെടെ പല അസ്വസ്ഥതകൾക്കും ഇടയാക്കാറുണ്ട്.