ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ സുപ്രീംകോടതി മാറ്റിവച്ചു. മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭരണഘടനാപ്രശ്നങ്ങൾ പരിശോധിക്കാൻ ഏഴംഗ വിശാലബെഞ്ച് രൂപീകരിക്കാനും ഇതിൽ നിന്ന് ഉത്തരങ്ങൾ കിട്ടുന്നതുവരെ ശബരിമല റിവ്യൂ, റിട്ട് ഹർജികൾ തീർപ്പാക്കുന്നത് മാറ്റിവയ്ക്കാനുമാണ് ഇന്നലെ ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി തീരുമാനിച്ചത്. അതേസമയം ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച 2018 സെപ്തംബർ 28ലെ വിധി സ്റ്റേ ചെയ്തിട്ടില്ല.
അടുത്ത ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയാണ് വിശാല ബെഞ്ച് രൂപീകരിക്കുക. വിശ്വാസത്തിൽ കോടതിക്ക് എത്രമാത്രം ഇടപെടാം, മതപരമായ കാര്യത്തിൽ മതത്തിനു പുറത്തുള്ളയാളുടെ പൊതുതാത്പര്യ ഹർജി പരിഗണിക്കാമോ തുടങ്ങി ഭരണഘടനാ വകുപ്പുകളും മതങ്ങളും സംബന്ധിച്ച ഏഴു ചോദ്യങ്ങളാണു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഉന്നയിച്ചത്. ഇൗ ഏഴ് ചോദ്യങ്ങൾക്ക് പുറമെ, കേരളത്തിലെ ക്ഷേത്രങ്ങളിൽ ആർത്തവകാലത്ത് സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം വിലക്കുന്ന 1965- ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടത്തിന്റെ മൂന്നാം(ബി) വകുപ്പ് ശബരിമലയ്ക്ക് ബാധകമാണോയെന്ന് ആവശ്യമെങ്കിൽ വിശാല ബെഞ്ചിന് പരിശോധിക്കാമെന്നും വിധിയിൽ വ്യക്തമാക്കി. ശബരിമല വിധിക്ക് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം,
ഇതര സമുദായത്തിൽ നിന്ന് വിവാഹം കഴിക്കുന്ന പാഴ്സി സ്ത്രീകൾക്കെതിരായ ആരാധനാലയ പ്രവേശന വിലക്ക്, ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമ്മത്തിനെതിരായ ഹർജി തുടങ്ങിയ വിഷയങ്ങളുമായി ബന്ധമുണ്ട്. ഇതെല്ലാം വിശാല ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണ്.
ശിരൂർ മഠം കേസിൽ മതകാര്യങ്ങൾ മതാചാര്യന്മാരാണ് തീരുമാനിക്കേണ്ടത് എന്നതാണ് സുപ്രീംകോടതി വിധി. എന്നാൽ അജ്മീറിലെ ഹാജി അലി ദർഗയിൽ സൂഫി - തിസ്തി വിഭാഗത്തിനു പുറമേ അവിടത്തെ മുൻ ആചാരം കണക്കിലെടുക്കാതെ മറ്റ് ചില മുസ്ളിം വിഭാഗങ്ങൾക്കും ഭരണത്തിൽ പങ്കാളിത്തം നൽകി സുപ്രീംകോടതി വിധിയുണ്ട്. ഇവ പരസ്പര വിരുദ്ധമായ വിധികളാണ്. ഇൗ വിധികളും വിശാലബെഞ്ച് പരിശോധിക്കണം.
വിശാല ബെഞ്ച് ഉത്തരം തേടുന്ന 7 ചോദ്യങ്ങൾ
1. മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനയുടെ 25, 26 ആർട്ടിക്കിളുകളും മൂന്നാം ഭാഗത്തിൽ പറയുന്ന മൗലികാവകാശങ്ങളും പ്രത്യേകിച്ച് തുല്യത ഉറപ്പാക്കുന്ന ആർട്ടിക്കിൾ 14ഉം എങ്ങനെ പരസ്പരം പ്രവർത്തിക്കുന്നു.
2. ഭരണഘടനയുടെ 25(1) ആർട്ടിക്കിൾ പറയുന്ന പൊതുക്രമം, ധാർമികത, സാമൂഹ്യ ആരോഗ്യം എന്നിവയുടെ വ്യാപ്തി
3. ധാർമികത, ഭരണഘടനാ ധാർമികത എന്നിവ ഭരണഘടനയിൽ നിർവചിച്ചിട്ടില്ല. ആമുഖത്തിൽ പറയുന്നതുപോലെ വിശാലാർത്ഥത്തിലാണോ അതോ മതവിശ്വാസത്തിലും ഭക്തിയിലും ഒതുങ്ങിനിൽക്കുന്നതാണോ ധാർമികത എന്ന് പരിശോധിക്കപ്പെടണം. അതിർവരമ്പുകൾ കൃത്യമായി വേർതിരിക്കേണ്ടതുണ്ട്
4. ഒരു പ്രത്യേക ആചാരം മതത്തിന്റെ അനിവാര്യഘടകമാണോ? ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരങ്ങളെക്കുറിച്ചും, കോടതികൾക്ക് ഏത് അളവു വരെ അത് പരിശോധിക്കാം എന്നതും, അതല്ല അത്തരം കാര്യങ്ങൾ മത മേധാവിയുടെ തീർപ്പിനായി പൂർണമായും വിട്ടുനൽകാമോ എന്നതും വേർതിരിക്കണം.
5. ഭരണഘടനയുടെ 25(2) ബിയിലുള്ള ഹിന്ദു വിഭാഗങ്ങൾ എന്ന പ്രയോഗത്തിന്റെ അർത്ഥം?.
6. ഒരു മതവിഭാഗത്തിന്റെയോ അതല്ലെങ്കിൽ ആ മതത്തിൽ തന്നെയുള്ള ഒരു പ്രത്യേക വിഭാഗത്തിന്റെയോ 'അനിവാര്യമായ മതാചാരങ്ങൾക്ക്' ആർട്ടിക്കിൾ 26 പ്രകാരമുള്ള ഭരണഘടനാ സംരക്ഷണത്തിന്റെ ആവശ്യകതയുണ്ടോ?
7. ഒരു മതവിഭാഗത്തിന്റെ ആചാരങ്ങളെ ചോദ്യം ചെയ്തുള്ള ആ വിഭാഗത്തിൽപ്പെടാത്തവരുടെ പൊതുതാത്പര്യ ഹർജികൾ നിയമപരമായി അനുവദിക്കുന്നതിനുള്ള പരിധി എത്രമാത്രമാകണം.
വിധി 3 - 2
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് 3 - 2 ഭൂരിപക്ഷത്തിലാണ് വിധി പറഞ്ഞത്. വിശാല ബെഞ്ച് രൂപീകരിക്കുന്നതിനെ ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് എ.എം. ഖാൻവിൽക്കറും ജസ്റ്റിസ് ഇന്ദുമൽഹോത്രയും അനുകൂലിച്ചു. ശക്തമായി എതിർത്ത് ജസ്റ്റിസ്മാരായ രോഹിന്റൺ നരിമാനും ഡി.വൈ. ചന്ദ്രചൂഡും റിവ്യൂ ഹർജി തള്ളി ഭിന്നവിധിയെഴുതി. ഭക്തിയുടെ പേരിൽ ലിംഗവിവേചനം പാടില്ലെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കൊപ്പം 2018ൽ വിധിയെഴുതിയ ജസ്റ്റിസ് ഖാൻവിൽക്കർ നിലപാട് മാറ്റി വിശാലബെഞ്ചിനെ അനുകൂലിച്ചു.