diabetes-in-dogs

ന്യൂഡൽഹി : മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും വിടാതെ പിടികൂടിയിരിക്കുകയാണ് പ്രമേഹമെന്ന് പുതിയ റിപ്പോർട്ട്. ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച ഡൽഹി വെറ്ററിനറി ക്ലിനിക്കാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. ക്ലിനിക്കിലെത്തിയ മൃഗങ്ങളെ പ്രമേഹ സർവേക്ക് വിധേയരാക്കിയതോടെയാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. മൃഗങ്ങളിലെ രോഗികളിൽ മുന്നിൽ നായ്‌ക്കളാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പെൺനായ്‌ക്കളെ അപേക്ഷിച്ച് ആൺനായ്‌ക്കളാണ് പ്രമേഹരോഗികളിൽ മുന്നിൽ. വർഷാവർഷം മുപ്പത് ശതമാനത്തിലേറെ കേസുകളാണ് ഇപ്രകാരം റിപ്പോ‌ർട്ട് ചെയ്യുന്നത്. 5 മുതൽ 12 വയസിനിടെയാണ് നായ്ക്കളിൽ പ്രമേഹം ബാധിക്കാനിടയുള്ള കാലഘട്ടമെന്ന് ആശുപത്രി അധികൃതർ പറയുന്നു. ശരീരത്തിൽ സ്വന്തമായി ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള കഴിവില്ലാത്തതിനാൽ നായ്ക്കളിൽ അധികമായി ടൈപ്പ് 2 പ്രമേഹവും പൂച്ചകളിൽ ടൈപ്പ് 1 പ്രമേഹവുമാണ് കണ്ടുവരുന്നത്.

മനുഷ്യരെപ്പോലെ തന്നെ അമിതവണ്ണവും അശ്രദ്ധമായ ജീവിത - ആഹാര രീതിയുമാണ് മൃഗങ്ങളിലും പ്രമേഹത്തിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ വളർത്തുമൃഗങ്ങളെ രക്തപരിശോധനകൾക്കും വർഷത്തിലൊരിക്കൽ വിദഗ്ദ്ധ ദേഹപരിശോധനയ്‌ക്കും വിധേയമാക്കണമെന്നാണ് ഈ രംഗത്തെ ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം. നായ്‌ക്കൾക്കും പൂച്ചയ്‌ക്കും പുറമേ കുരങ്ങ്, പന്നി, ആട്, കുതിര, പന്നി എന്നീ മൃഗങ്ങളിലും പ്രമേഹരോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പ്രമേഹസാദ്ധ്യത കൂടുതലുള്ള ഇനങ്ങൾ

ജർമ്മൻ ഷെപ്പേഡ്, ലാബ്രഡോർ, പഗ്, ടോയ് പൂഡിൽസ്, സമോയേഡ്സ്, ഗോൾഡൻ റിട്രീവേഴ്സ്

പ്രമേഹ ലക്ഷണങ്ങൾ

അമിതമായി വെള്ളം കുടിക്കുക, അമിത വിശപ്പ്, ഭാരക്കുറവ്, മടി, കണ്ണുകളിൽ വീക്കം.

ചികിത്സ

മൃഗങ്ങളിലെ പ്രമേഹത്തെ വരുതിയിലാക്കാൻ ആകെയുള്ള ചികിത്സ ഇൻസുലിൻ കുത്തിവയ്‌പാണ്.