bjp-protest

ന്യൂഡൽഹി : റാഫേൽ പ്രശ്‌നത്തിൽ വ്യാജപ്രചാരണം നടത്തിയ രാഹുൽ അടക്കമുള്ള കോൺഗ്രസ് നേതൃത്വം രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. റാഫേൽ വിഷയത്തിൽ സുപ്രീംകോടതി സർക്കാരിന് അനുകൂലമായി വിധി പ്രസ്‌താവിച്ച പശ്ചാത്തലത്തിലാണിത്. ഇന്നലെ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ ബി.ജെ.പി. പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഡൽഹി ബി.ജെ.പി. അദ്ധ്യക്ഷൻ മനോജ് തിവാരിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. പ്രധാനമന്ത്രി കള്ളനാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി മാപ്പ് പറയണം, റാഫേൽ ഇടപാടിനെ പറ്റി വ്യാജ പ്രചാരണങ്ങൾ നടത്തിയ കോൺഗ്രസും നേതാക്കളും ജനങ്ങളോട് ക്ഷമ ചോദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം റാഫേൽ ഇടപാട് ചോദ്യം ചെയ്ത് നൽകിയ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു. ചൗക്കിദാർ ചോർ ഹെ എന്ന പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് കോടതി താക്കീതും നൽകിയിരുന്നു.